ഒന്നും രണ്ടുമല്ല.. മെസ്സി നേടിയത് 45 കിരീടങ്ങള്‍, അമ്പരപ്പിക്കുന്ന ഫുട്‌ബോള്‍ കരിയര്‍, ബ്രസീല്‍ സൂപ്പര്‍താരത്തിന്റെ റെക്കോര്‍ഡ് മറികടന്നു

തിങ്കളാഴ്ച രാവിലെ നടന്ന കോപ്പാ അമേരിക്ക ഫൈനലില്‍ അര്‍ജന്റീന കൊളംബിയയെ 1-0ന് പരാജയപ്പെടുത്തിയപ്പോള്‍, ഇതിഹാസതാരം ലയണല്‍ മെസ്സി രണ്ടാം തവണയും ഈ കിരീടം നേടി തന്റെ തൊപ്പിയിലേക്ക് മറ്റൊരു പൊന്‍തൂവല്‍ കൂടി ചേര്‍ത്തു.കോപ്പ അമേരിക്ക കിരീട വിജയത്തോടെ മെസ്സി മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കി. ക്ലബ്ബിനും രാജ്യത്തിനുമൊപ്പം 45 ട്രോഫികള്‍, ബ്രസീലിന്റെ ഡാനി ആല്‍വസിന്റെ റെക്കോര്‍ഡ് മറികടന്നു.

അന്താരാഷ്ട്ര കിരീടങ്ങളുടെ അഭാവത്തില്‍ ഒരിക്കല്‍ വിമര്‍ശിക്കപ്പെട്ട മെസ്സി ഇപ്പോള്‍ അര്‍ജന്റീനയ്ക്കൊപ്പം മൂന്ന് വര്‍ഷത്തിനുള്ളില്‍ നാല് പ്രധാന കിരീടങ്ങള്‍ നേടി. ഒരു ലോകകപ്പ്, രണ്ട് കോപ്പ അമേരിക്ക, ഒരു ഫൈനല്‍സിമ. ബാഴ്സലോണയ്ക്കൊപ്പം ലീഗ് കിരീടങ്ങളും ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും നേടി. എട്ട് ബാലണ്‍ ഡി ഓറുകളും ആറ് തവണ യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ടുകളും മെസ്സി നേടിയിട്ടുണ്ട്. 838 ഗോളുകളും 374 അസിസ്റ്റുകളും ഉള്‍പ്പെടെ 1,068 മത്സരങ്ങളില്‍ നിന്ന് 1,212 ഗോളുകളും അസിസ്റ്റുകളും മെസ്സി നേടിയിട്ടുണ്ട്.

മെസ്സി നേടിയ 45 കിരീടങ്ങളില്‍ 39 എണ്ണം ക്ലബ്ബ് തലത്തില്‍ നേടിയവയാണ്. 12 ലീഗ് കിരീടങ്ങള്‍ (ബാഴ്സലോണയ്ക്കൊപ്പം 10, പിഎസ്ജിക്കൊപ്പം രണ്ട്), നാല് യുവേഫ ചാമ്പ്യന്‍സ് ലീഗുകള്‍ (എല്ലാം ബാഴ്സലോണയ്ക്കൊപ്പം), 17 ആഭ്യന്തര കപ്പുകള്‍ (ബാഴ്സലോണയ്ക്കൊപ്പം 15, പിഎസ്ജി, ഇന്റര്‍ മിയാമി എന്നിവയ്ക്കൊപ്പം ഒന്ന് വീതം). കൂടാതെ, മൂന്ന് തവണ യുവേഫ സൂപ്പര്‍ കപ്പും മൂന്ന് തവണ ഫിഫ ക്ലബ് ലോകകപ്പും നേടിയിട്ടുണ്ട്. അര്‍ജന്റീനയ്ക്കൊപ്പം, 2005 ലെ അണ്ടര്‍ 17 ലോകകപ്പ്, 2008 ഒളിംമ്പിക് ഗെയിംസ്, 2021ലെ കോപ്പ അമേരിക്ക, 2022ലെ ഫൈനല്‍സിമ, 2022ലെ ലോകകപ്പ് എന്നിവയും മെസ്സിയുടെ വിജയങ്ങളില്‍ ഉള്‍പ്പെടുന്നു.

കൊളംബിയയ്ക്കെതിരായ കോപ്പ അമേരിക്ക ഫൈനലില്‍ കണങ്കാലിനേറ്റ പരുക്ക് കാരണം 64-ാം മിനിറ്റില്‍ മെസ്സി പുറത്തുപോയി. മെസ്സിയുടെ അസാന്നിധ്യത്തില്‍ കടുത്ത പ്രതിരോധക്കോട്ട കെട്ടിയാണ് അര്‍ജന്റീന കൊളംബിയന്‍ ആക്രമണം ചെറുത്തത്. 112-ാം മിനിറ്റില്‍ ലൗട്ടാരോ മാര്‍ട്ടിനെസ് നേടിയ ഗോളിലായിരുന്നു ടീമിന്റെ വിജയം. മത്സരത്തോടെ അര്‍ജന്റീനകണ്ട എക്കാലത്തേയും മികച്ച കളിക്കാരിലൊരാളായ ആഞ്ചല്‍ ഡി മരിയ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു.

spot_img

Related Articles

Latest news