ബ്യൂണസ് ഐറിസ്: ഫിഫ ലോകകപ്പ് ഫൈനലില്‍ അർജന്റീനയും സ്പെയിനും നേർക്കുനേർ ഏറ്റുമുട്ടാൻ തയ്യാറെടുക്കുമ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത് ഒരു ‘കുട്ടിക്കഥ’യാണ്.ഇരു ടീമിന്റെയും സ്റ്റാർ പ്ലെയേഴ്സായ ലയണല്‍ മെസിയുടെയും ലാമിൻ യമാലിന്റെയും വർഷങ്ങള്‍ക്ക് മുമ്പുളള ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തത്.
2007ലാണ് ഇന്നത്തെ സംഭവബഹുലമായ ഫോട്ടോഷൂട്ട് നട്ടന്നത്. കൈക്കുഞ്ഞായ യമാലിനെ കൊഞ്ചിക്കുന്ന നീളൻ മുടിയുള്ള ഒരു സുന്ദരൻ യുവാവ്. അന്ന് ബാഴ്‌സലോണയുടെ യുവതാരമായിരുന്ന ലയണല്‍ മെസി കുഞ്ഞ് യാമാലിനെ കൊഞ്ചിക്കുന്ന ചിത്രമാണ് 2026ലെ ഫുട്ബോള്‍ ലോകകപ്പില്‍ ആരാധകരുടെ ചർച്ചാവിഷയമായി മാറിയത്. വർഷങ്ങള്‍ക്കിപ്പുറം മെസിയോടൊപ്പമുള്ള ആ കുഞ്ഞ് സ്പെയിനിന്റെ സൂപ്പർതാരമായ ലാമിൻ യമാലാണെന്ന വെളിപ്പെടുത്തല്‍ ലോകമെമ്പാടുമുള്ള ആരാധകരെ അത്ഭുതപ്പെടുത്തി.
സെമി ഫൈനലില്‍ ഇംഗ്ളണ്ടിനെ തോല്‍പ്പിച്ച് അർജന്റീന ഫൈനല്‍ പോരാട്ടത്തിന് തയ്യാറെടുക്കുമ്പോള്‍ എതിരാളി സ്പെയിനാണ്. വർഷങ്ങള്‍ക്കിപ്പുറം അതേ മെസിയും യമാലും 2026 ഫിഫ ലോകകപ്പ് ഫൈനലില്‍ നേർക്കുനേർ എത്തുന്നത് വളരെ ആകാംഷയോടെയാണ് ആരാധകർ ഉറ്റുനോക്കുന്നത്.
മെസി-യമാല്‍ വൈറല്‍ ചിത്രത്തിന് പിന്നിലെ കഥ
വൈറല്‍ ഫോട്ടോയുടെ കഥ ഇങ്ങനെയാണ്, 2007ല്‍ യമാലിന്റെ മാതാപിതാക്കളായ ഷീല എബാനയും മുനിർ നസ്റാവിയും യുനിസെഫിന്റെ ഒരു ചാരിറ്റി റാഫിളില്‍ (നറുക്കെടുപ്പ്) പങ്കെടുത്തിരുന്നു. വിജയികളായ അവർക്ക് ബാഴ്‌സലോണയുടെ ക്യാമ്പ് നൗവില്‍ ഒരു താരത്തിനൊപ്പം ഫോട്ടോഷൂട്ട് നടത്താൻ അവസരം ലഭിച്ചു. അന്നത്തെ ഉയർന്നുവരുന്ന യുവതാരമായിരുന്ന മെസിക്കൊപ്പമാണ് ആറുമാസം മാത്രം പ്രായമുള്ള ലാമിൻ യമാലിന് ഫോട്ടോ എടുക്കാൻ അവസരം ലഭിച്ചത്. ആ ഫോട്ടോഷൂട്ടിനിടെയാണ് മെസി കുഞ്ഞ് യമാലിനെ കുളിപ്പിക്കുന്നതും കൈകളിലെടുത്ത് നില്‍ക്കുന്നതുമായ ചിത്രങ്ങള്‍ പകർത്തപ്പെട്ടത്.
ആ കുഞ്ഞാണ് പിന്നീട് ലോകഫുട്ബോളിലെ ഏറ്റവും വലിയ പ്രതിഭകളിലൊരാളായി വളർന്നുവരുന്ന ലാമിൻ യമാല്‍. തന്നെ കൊഞ്ചിച്ച സാക്ഷാല്‍ മിശിഹായ്ക്കെതിരെ ഫൈനലില്‍ ബൂട്ടണിയാൻ പോകുകയാണ് പത്തൊമ്പതുകാരനായ ലാമിൻ യമാല്‍. സ്പെയിനിനെ ലോകകപ്പ് ഫൈനലിലെത്തിക്കുന്നതിന് യമാലിന്റെ തകർപ്പൻ പ്രകടനങ്ങള്‍ വളരെ നിർണായക പങ്കാണ് വഹിച്ചത്. മറുഭാഗത്ത്, നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ വീണ്ടും ഫൈനലിലെത്തിച്ചത് ലയണല്‍ മെസിയുടെ ഗംഭീരപ്രകടനമാണ്.
തലമുറകളുടെ പോരാട്ടമെന്നാണ് ഈ ഫൈനലിനെ ഫുട്ബോള്‍ ലോകം വിശേഷിപ്പിക്കുന്നത്. ഒരുകാലത്ത് കൈകളില്‍ എടുത്ത കുഞ്ഞിനെ ഇന്ന് ലോകകപ്പ് കിരീടത്തിനായി എതിരാളിയായി നേരിടുകയാണ് മെസി. ഇതോടെയാണ് 19 വർഷം പഴക്കമുള്ള ആ ചിത്രം വീണ്ടും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായത്.

