എംജി സർവകലാശാലയിലെ ഗവേഷക ദീപ സമരം അവസാനിപ്പിച്ചു

കോട്ടയം: നാനോ സയൻസ് മേധാവി നന്ദകുമാർ കളരിക്കലിനെ മാറ്റണമെന്നതടക്കമുള്ള ആവശ്യങ്ങൾ അംഗീകരിച്ചതോടെ എംജി സർവ്വകലാശാലയിൽ ദളിത് ഗവേഷക വിദ്യാർത്ഥി ദീപ പി മോഹൻ നടത്തി വന്ന സമരം അവസാനിപ്പിച്ചു.

തന്റെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചുവെന്നും ഗവേഷണത്തിന് എല്ലാ സൗകര്യങ്ങളും സർവകലാശാല ഉറപ്പുനൽകിയതായും ദീപ അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് സമരക്കാർക്ക് കൈമാറി.

നാനോ സയൻസ് മേധാവി ഡോ. നന്ദകുമാർ കളരിക്കലിനെ ഫിസിക്സ് വിഭാഗത്തിലേക്കാണ് മാറ്റിയത്. ദീപയുടെ ഗവേഷണത്തിന് മുമ്പ് മേൽനോട്ടം വഹിച്ചിരുന്ന അധ്യാപകൻ രാധാകൃഷ്ണന് തന്നെ വീണ്ടും മേൽനോട്ട ചുമതല നൽകും. 2024 നകം ഗവേഷണം പൂർത്തിയാക്കിയാൽ മതി.

ഗവേഷണ കാലയളവിൽ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് സർവ്വകലാശാല ഉറപ്പുനൽകിയതായും വിദ്യാർത്ഥി അറിയിച്ചു. വിസിയുമായി നടത്തിയ ചർച്ചയിൽ താൻ മുന്നോട്ട് വെച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതോടെ 11 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചതായി ദീപ അറിയിച്ചു.

പ്രോജക്ട് ചെയ്യാനുള്ള സൗകര്യം അനുവദിക്കാതെയും ടിസി തടഞ്ഞുവച്ചും നാനോ സയൻസ് ഡയറക്ടർ നന്ദകുമാർ കളരിക്കലിന്‍റെ നേതൃത്വത്തിൽ സർവകലാശാല അധികൃതർ ദ്രോഹിച്ചുവെന്നും ജാതിയുടെ പേരിൽ വിവേചനമുണ്ടായെന്നുമായിരുന്നു ദളിത് വിദ്യാർത്ഥി ദീപയുടെ പരാതി.

കഴിഞ്ഞ പത്ത് വർഷമായി എംജി സർവകലാശാലയുടെ ജാതി വിവേചനത്തിനെതിരായ പോരാട്ടത്തിലായിരുന്നു ദളിത് വിദ്യാർത്ഥിനി. നാനോ സയൻസിൽ ഗവേഷണം നടത്താനുള്ള അഡ്മിഷൻ ലഭിച്ചിട്ടും അതിനുള്ള സൗകര്യം സർവകലാശാലാ അധികൃതർ നിഷേധിച്ചുവെന്നും ഹൈക്കോടതി ഉത്തരവുകൾ അടക്കം ഉണ്ടായിട്ടും തനിക്ക് നീതി നിഷേധിക്കപ്പെടുകയാണെന്നും, തന്‍റെ അക്കാദമിക് കരിയറിലെ പത്ത് വിലപ്പെട്ട വർഷമാണ് നഷ്ടമായതെന്നും ആരോപിച്ചാണ് അവർ സർവകലാശാലയ്ക്ക് മുന്നിൽ നിരാഹാരസമരം തുടങ്ങിയത്.

2011-12 അക്കാദമിക് വർഷത്തിലാണ് കണ്ണൂരിൽ നിന്നുള്ള ദളിത് വിദ്യാർഥി എംജി സർവകലാശാലയിൽ പ്രവേശനം നേടിയത്. ഇന്‍റർനാഷണൽ ഇന്‍റർ യൂണിവേഴ്സിറ്റി സെന്‍റർ ഫോർ നാനോ സയൻസസ് ആന്‍ഡ് ടെക്നോളജിയിൽ അവർ എം ഫിൽ പ്രവേശനം നേടി. അന്ന് മുതൽ താൻ അനുഭവിച്ചത് കടുത്ത ജാതി വിവേചനമെന്ന് അവർ പറയുന്നു.

രണ്ട് ദളിത് വിദ്യാർത്ഥികളും ഗവേഷകയ്ക്ക് ഒപ്പം എംഫിലിൽ പ്രവേശനം നേടിയിരുന്നു. പക്ഷേ നിന്ദ്യമായ വിവേചനം സഹിക്കാതെ ആ രണ്ട് പേർ കോഴ്സ് ഉപേക്ഷിച്ചു. ഇവർ മാത്രം നിശ്ചയദാർഢ്യത്തോടെ പോരാടി. സമാനതകളില്ലാത്ത പീഡനങ്ങളെ അതിജീവിച്ചു.

പ്രോജക്ട് ചെയ്യാനുള്ള സൗകര്യം അനുവദിക്കാതെയും ടിസി തടഞ്ഞുവച്ചും സർവകലാശാല അധികൃതർ ആവുന്നത്ര അവരെ ദ്രോഹിച്ചു. നാനോ സയൻസ് ഡയറക്ടർ നന്ദകുമാർ കളരിക്കലിന്‍റെ നേതൃത്വത്തിലായിരുന്നു ഈ വിവേചനങ്ങളെന്നും ദീപ പറയുന്നു.

പിഎച്ച്ഡി പ്രവേശനം നൽകാതിരിക്കാനും പരമാവധി ശ്രമിച്ചു. പക്ഷേ ഗേറ്റ് യോഗ്യതയുണ്ടായിരുന്നത് കൊണ്ട് അവരുടെ അർഹതയെ തടയാൻ കഴിഞ്ഞില്ല. 2012-ൽ പൂർത്തിയാക്കിയ എം ഫിലിന്‍റെ സർട്ടിഫിക്കറ്റ് പല കാരണങ്ങൾ നിരത്തി താമസിപ്പിച്ചു.

ഒടുവിൽ ഗവേഷകയ്ക്ക് സർട്ടിഫിക്കറ്റ് കിട്ടിയത് 2015-ൽ. സ്വന്തമായി അവർ തയ്യാറാക്കിയ ഡാറ്റ മോഷ്ടിച്ചതാണെന്ന് ആരോപിച്ചായിരുന്നു അടുത്ത പീഡനം. പിന്നീട് അതേ ഡാറ്റ മറ്റൊരാളുടെ പേരിൽ പ്രസിദ്ധീകരിച്ചതും ഈ ദളിത് വിദ്യാർത്ഥിക്ക് വേദനയോടെ കാണേണ്ടി വന്നു. പിഎച്ച്ഡിക്ക് ഇരിപ്പിടം നിഷേധിച്ചും ലാബിൽ പൂട്ടിയിട്ടും ലാബിൽ നിന്ന് ബലമായി ഇറക്കിവിട്ടും പ്രതികാരം. അന്നത്തെ പിവിസി ഷീന ഷുക്കൂറിനോട് പരാതിപ്പെട്ടപ്പോഴുള്ള അനുഭവവും മോശമായിരുന്നു.

2015-ൽ ദീപയുടെ പരാതി പരിശോധിക്കാൻ രണ്ട് സിൻഡിക്കേറ്റ് അംഗങ്ങൾ അടങ്ങുന്ന സമിതിയെ സർവകാശാല നിയോഗിച്ചിരുന്നു. ഡോ. എൻ. ജയകുമാറും ഇന്ദു കെ എസും അടങ്ങുന്ന സമിതി കണ്ടെത്തിയത് തീർത്തും ഗുരുതരമായ കാര്യങ്ങളാണ്. ദളിത് ഗവേഷകയ്ക്ക് ഗവേഷണത്തിനുള്ള സൗകര്യങ്ങൾ ചെയ്ത് കൊടുക്കുന്നതിൽ നന്ദകുമാർ കളരിക്കലിന് വീഴ്ച വന്നെന്നും, ദീപ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്നുമായിരുന്നു സമിതി കണ്ടെത്തിയത്.

2018 ഡിസംബറിലും 2019 ഫെബ്രുവരിയിലും മാർച്ചിലുമൊക്കെയായി അവർക്ക് അനുകൂലമായ കോടതി ഉത്തരവുകൾ ഉണ്ടായി. പക്ഷേ അതെല്ലാം സർവകലാശാല ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ അവഗണിച്ചു. ഒടുവിൽ ആരോപണ വിധേയനായ അധ്യാപകനെ നേരിട്ട് വിളിച്ച് ഹൈക്കോടതി ശാസിച്ചു. എന്നിട്ടും ഒന്നുമുണ്ടായില്ല. പേരിനൊരു ചർച്ച നടന്നു. ഒടുവിലാണ് നിരാഹാര സമരത്തിന് ഇറങ്ങിയത്.

ദീപക്ക് പിന്തുണയേറിയതോടെ സർവകലാശാലയിലെ ആരോപണവിധേയനായ നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി വകുപ്പ് മേധാവി നന്ദകുമാർ കളരിക്കലിനെ മാറ്റി. എന്നാൽ തന്റെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന് ദീപ നിലപാടെടുത്തു. ഇതോടെയാണ് സമരം വീണ്ടും നീണ്ടുപോയത്.

spot_img

Related Articles

Latest news