കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷന് വേണ്ടി പുതുതായി നിര്‍മ്മിച്ച ഗേറ്റിന്റേയൂം പാര്‍ക്കിംഗ് ഏരിയയുടേയും ഉദ്ഘാടനം നിര്‍വ്വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 45 ലക്ഷം രൂപ ചെലവിലാണ് പ്രവൃത്തി നടത്തിയത്.
8.2 കോടി രൂപ ചെലവില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷനില്‍ ആവശ്യമായ പാര്‍ക്കിംഗ് ഏരിയ ഇല്ലാത്തത് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. ഇതിനുള്ള പരിഹാരമായാണ് പാര്‍ക്കിംഗ് ഏരിയ നിര്‍മ്മിച്ചത്.
മിനി സിവില്സ്റ്റേഷന് പാര്‍ക്കിംഗിന് കണ്ടെത്തിയിരുന്ന സ്ഥലത്ത് ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം നിര്‍മ്മിച്ചതാണ് പ്രതിസന്ധിക്കിടയാക്കിയിരുന്നത്. പാര്‍ക്കിംഗ് സംവിധാനത്തോടൊപ്പം പ്രവേശന കവാടത്തിന്റേയും പ്രവൃത്തി പൂര്‍ത്തീകരിച്ചതോടെ മിനി സിവില്‍സ്റ്റേഷനിലെ സൗകര്യങ്ങള്‍ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള സാഹചര്യമൊരുങ്ങിയിരിക്കുകയാണ്.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്കുന്നുമ്മല്, ബ്ലോക്ക് വൈസ് പ്രസിഡന്റ് മുംതാസ് ഹമീദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനില്‍ കുമാര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ടി ശിവാന്ദന്‍, ഒ വോലായുധന്‍, പി.പി ഷിനില്‍ സംസാരിച്ചു.
പൊതുമരാമത്ത് കെട്ടിട വിഭാഗം അസി. എഞ്ചിനീയര്‍ പി വിജയലക്ഷ്മി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം അസി. എക്സി. എഞ്ചിനീയര്‍ എന്‍ ശ്രീജിത്ത് സ്വാഗതവും എല്‍.എസ്.ജി.ഡി അസി. എക്സി. എഞ്ചിനീയര്‍ എന്‍ സിന്ധു നന്ദിയും പറഞ്ഞു.