ലോകായുക്ത വിധിയുടെ അടിസ്ഥാനത്തില്‍ മന്ത്രി കെ ടി ജലീല്‍ രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയതായി അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. ഉച്ചക്ക് 12 മണിക്കാണ് രാജിക്കത്ത് കൈമാറിയത്. കഴിഞ്ഞ രണ്ടു വർഷമായി നീതീകരണമില്ലാത്ത മാധ്യമവേട്ടക്ക് ഇരയാകുന്ന പൊതുപ്രവർത്തകനാണ് താനെന്നും തന്‍റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാമെന്നും ജലീലിന്‍റെ കുറിപ്പില്‍ പറയുന്നു.
മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന ലോകായുക്ത ഉത്തരവിനെതിരെ മന്ത്രി കെ.ടി. ജലീല്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലായിരുന്നു. ഉത്തരവ് റദ്ദാക്കണമെന്നും ഉത്തരവിലെ തുടര്‍ നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നുമായിരുന്നു ആവശ്യം.
അതേസമയം, ലോകായുക്ത ഉത്തരവിന്റെ പകര്‍പ്പ് തുടര്‍ നടപടികള്‍ക്കായി ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയിരുന്നു.
പിണറായി വിജയൻ മന്ത്രിസഭയിൽനിന്ന് രാജിവയ്ക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് കെ.ടി. ജലീൽ. വിവാദം തുടങ്ങി രണ്ടര വർഷം പിന്നിടുമ്പോഴാണ് മന്ത്രിയുടെ രാജി. ന്യൂനപക്ഷ വികസ കോർപറേഷനിൽ ടികെ. അദീബിന്റെ നിയമനമാണ് വിവാദത്തിലായത്. ബന്ധുനിയമനത്തിന് യോഗ്യതയിൽ മാറ്റം വരുത്തിയെന്നതാണ് പ്രധാന ആരോപണം. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായിരുന്ന പി.കെ. ഫിറോസ് 2018 നവംബർ രണ്ടിനാണ് മന്ത്രിക്കെതിരെ ബന്ധുനിയമനവുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ചത്.
സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി മന്ത്രി ബന്ധു കെ .ടി. അദീബിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്നും, മന്ത്രിസ്ഥാനത്ത് തുടരാന്‍ ജലീല്‍ യോഗ്യനല്ലെന്നുമായിരുന്നു ലോകായുക്ത ഉത്തരവ്. അബീദിന്റെ നിയമനത്തിനായി ജനറല്‍ മാനേജറുടെ വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്തിയതായി ലോകായുക്ത നിരീക്ഷിച്ചു. മന്ത്രി പദവി സ്വകാര്യ താല്‍പര്യത്തിനായി ദുരുപയോഗം ചെയ്യുകയും പക്ഷപാതപരമായി പെരുമാറുകയും ചെയ്തു. ഇതിലൂടെ മന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്നുമാണ് ലോകായുക്ത കണ്ടെത്തിയത്.
യൂത്ത് ലീഗ് നേതാവ് വി.കെ. മുഹമ്മദ് ഷാഫിയുടെ പരാതിയിലായിരുന്നു നടപടി. സൗത്ത് ഇന്ത്യന്‍ ബാങ്കിലെ മാനേജര്‍ പദവിയിലിരിക്കുമ്പോഴാണ് അദീബിനെ ഡപ്യൂട്ടേഷനില്‍ ന്യൂനപക്ഷ വികസന കോര്‍പറേഷനില്‍ നിയമിച്ചത്.
Related : കെ.ടി. ജലീലിന്‍റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും