ഗതാഗത നിയമത്തിലെ കേന്ദ്ര ഭേദഗതി കേരളത്തിൽ ഉടൻ നടപ്പാക്കില്ല: കെ.ബി. ഗണേഷ് കുമാർ

വര്‍ഷത്തില്‍ അഞ്ചോ അതിലധികമോ നിയമലംഘനം നടത്തിയാല്‍ വാഹനം ഓടിക്കുന്ന ആളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് വ്യവസ്ഥ ചെയ്ത് മോട്ടോര്‍ വാഹന ചട്ടം ഭേദഗതി ചെയ്ത കേന്ദ്ര നടപടിയില്‍ പ്രതികരിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ലെന്നും മോട്ടോര്‍ വാഹന നിയമത്തിലെ കേന്ദ്ര ഭേദഗതികള്‍ കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ സംസ്ഥാനത്ത് നടപ്പിലാക്കൂ എന്നും ഗണേഷ് കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയില്‍ മാത്രമേ നിയമങ്ങള്‍ നടപ്പിലാക്കൂ. മോട്ടോര്‍ വാഹന നിയമങ്ങള്‍ പലതും കര്‍ശനമാക്കിയാലേ സംസ്ഥാനത്തെ അപകടങ്ങള്‍ കുറയൂ. എങ്കിലും കേന്ദ്ര നിയമങ്ങള്‍ പലതും അതേപടി സംസ്ഥാനത്ത് നടപ്പിലാക്കില്ല. അത്തരം കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതികള്‍ എങ്ങനെ ലഘൂകരിക്കാം എന്നതിനെ കുറിച്ച് പഠിച്ചു, ചര്‍ച്ച ചെയ്തു മാത്രമേ നടപടി എടുക്കൂ എന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.
ചട്ടഭേദഗതിനിയമം ധൃതിപിടിച്ച് നടപ്പിലാക്കേണ്ടെന്ന നിലപാടിലാണ് സംസ്ഥാനം. ചൊവ്വാഴ്ച ട്രാസ്‌പോര്‍ട്ട് കമ്മീഷ്ണറുമായി ഗതാഗത മന്ത്രി ചര്‍ച്ച നടത്തും. കേന്ദ്ര നിയമം ലഘൂകരിക്കുന്നതിന്റെ സാധ്യത പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കേന്ദ്ര മോട്ടോര്‍ വാഹന വകുപ്പ് അംഗീകരിച്ച പുതിയ ഗതാഗത നിയമത്തിലെ വ്യവസ്ഥകള്‍ പുറത്ത് വന്നത്. ഒരു വര്‍ഷത്തില്‍ തുടര്‍ച്ചയായി അഞ്ച് നിയമലംഘനങ്ങള്‍ നടത്തിയാല്‍ വാഹന ഉടമയുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനും ആവര്‍ത്തിച്ച് നിയമം ലംഘിക്കുന്ന വാഹനങ്ങളെ കരിമ്പട്ടികയില്‍ പെടുത്താനും കോടതിയുടെ അനുമതിയോടെ കസ്റ്റഡിയിലെടുക്കാനും മോട്ടോര്‍ വാഹന വകുപ്പിന് സാധിക്കുന്നതായിരുന്നു പുതിയ ഭേദഗതി. 2026 ജനുവരി 1 മുതല്‍ പുതിയ നിയമം പ്രാബല്യത്തിലായിട്ടുണ്ട്.

Mediawings:

spot_img

Related Articles

Latest news