കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടരും.മന്ത്രിയുടെ കഴുത്തിലെ വേദനയില്‍ മാറ്റമില്ലെന്നും രക്തസമ്മർദ്ദം സാധാരണ നിലയിലെന്നുമാണ് മെഡിക്കല്‍ റിപ്പോർട്ട്. നിലവില്‍ ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന സ്ഥിതിയല്ലെന്നും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി.
11 അംഗങ്ങള്‍ അടങ്ങിയ ടീമാണ് മെഡിക്കല്‍ ബോര്‍ഡിലുള്ളത്. ന്യൂറോളജി, ന്യൂറോ സര്‍ജറി, കാര്‍ഡിയോളജി, മെഡിസിന്‍, ഇഎന്‍ടി വിഭാഗം മേധാവിമാരും മെഡിക്കല്‍ ബോര്‍ഡിലുണ്ട്. സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, ആര്‍എംഒ എന്നിവരും അടങ്ങിയ മെഡിക്കല്‍ ടീമാണ് യോഗം ചേര്‍ന്നത്. തിരുവനന്തപുരത്തേക്ക് പോകണമെന്ന് മന്ത്രി ആവശ്യപ്പെട്ടെങ്കിലും ഇന്ന് പരിയാരത്ത് തുടരാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു.
കെഎസ്‌യു പ്രതിഷേധത്തിനിടെ കഴുത്തിന് ക്ഷതമേറ്റ മന്ത്രി വീണ ജോർജ്ജിനെ ഇന്നലെ രാത്രിയാണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. പരുക്ക് സാരമുള്ളതാണെന്നാണ് മെഡിക്കല്‍ റിപ്പോർട്ട്. എംആർഐ സ്കാനില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കഴുത്തിലെ വേദന കൈയ്യിലേക്ക് ഇറങ്ങുന്നെന്ന് മന്ത്രി ഡോക്ടർമാരെ അറിയിച്ചു. ഇടത് കൈയ്യിലെ ക്ഷതം സാരമുള്ളതല്ല. ന്യൂറോ സർജൻ ഉള്‍പ്പെടെയുള്ളവർ മെഡിക്കല്‍ ബോർഡ് യോഗം ചേർന്ന് ചികിത്സാ പുരോഗതി വിലയിരുത്തി.

