എല്‍ഐസി വില്‍പ്പന : മന്ത്രിസഭാ സമിതിയുടെ അനുമതിയായി

ന്യൂഡല്‍ഹി : പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. ഓഹരികള്‍ അടുത്തവര്‍ഷം മാര്‍ച്ചോടെ വിപണിയില്‍ ലിസ്റ്റ് ചെയ്യാനാണ് സര്‍ക്കാര്‍ പദ്ധതിയെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വില്‍പ്പനയ്ക്ക് വക്കേണ്ട ഓഹരികളുടെ എണ്ണവും വിലയും മന്ത്രിതല സമിതി തീരുമാനിക്കും.

എല്‍ഐസി ഓഹരികള്‍ നടപ്പ് സാമ്പത്തികവര്‍ഷം പ്രാഥമിക വില്‍പ്പനയ്ക്ക് വയ്ക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു. കഴിഞ്ഞവര്‍ഷം ഓഹരി വില്‍പ്പനയ്ക്ക് പദ്ധതിയിട്ടിരുന്നെങ്കിലും കോവിഡുകാരണം സാധിച്ചില്ല. എല്‍ഐസിയെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രനീക്കത്തിന്റെ ഭാഗമാണ് ഐപിഒ നീക്കമെന്ന് ട്രേഡ് യൂണിയനുകള്‍ പറഞ്ഞു. നാല് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ഒന്ന് സ്വകാര്യവല്‍ക്കരിക്കുമെന്ന് കേന്ദ്രം നേരത്തേ പ്രഖ്യാപിച്ചിരുന്നു.

കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അംഗീകാരം നല്‍കിയതൊടെ എല്‍ഐസി വില്‍ക്കാനുള്ള മോഡി സര്‍ക്കാര്‍ നീക്കം വേഗത്തിലാകും. എല്‍ഐസി ഓഹരി വില്‍പ്പനയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നേരത്തേ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കോര്‍പറേഷന്റെ മൂല്യം കണക്കാക്കാന്‍ വാഷിങ്ടണ്‍ ആസ്ഥാനമായ മില്ലിമാന്‍ അഡ്വൈസേഴ്സ് എന്ന കണ്‍സള്‍ട്ടിങ് സ്ഥാപനത്തെ ചുമതലപ്പെടുത്തി.

വില്‍പ്പന എളുപ്പമാക്കാന്‍ ചെയര്‍മാന്‍ തസ്തിക ഇല്ലാതാക്കി. സിഇഒ, എംഡി തസ്തിക കൊണ്ടുവന്നു. കമ്പനി അം​ഗീകൃത മൂലധനം 25,000 കോടി രൂപയാക്കി ഉയര്‍ത്താന്‍ അനുമതി നല്‍കി. സാമ്പത്തിക കാര്യ കാബിനറ്റ് സമിതി സെക്യൂരിറ്റീസ് കോണ്‍ട്രാക്‌ട്സ് (നിയന്ത്രണ) ചട്ടങ്ങളില്‍ ഭേദ​ഗതി വരുത്തി. 100 ശതമാനം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എല്‍ഐസിയാണ് രാജ്യത്തെ ഇന്‍ഷുറന്‍സ് വിപണിയുടെ 70 ശതമാനത്തിലധികം കൈയാളുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച്‌ 1.75 ലക്ഷം കോടി രൂപ നേടാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം.

spot_img

Related Articles

Latest news