കൊച്ചി: സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായ വിദ്യാര്‍ഥികള്‍ക്കുള്ള മെറിറ്റ് സ്കോളര്‍ഷിപ്പ് വിതരണത്തില്‍ നിലവിലെ 80:20 അനുപാതം റദ്ദാക്കി ഹൈക്കോടതി. സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ കൈവശമുള്ള ഏറ്റവും പുതിയ സെന്‍സസ് റിപ്പോര്‍ട്ടനുസരിച്ച് സ്കോളര്‍ഷിപ്പ് തുല്യ പരിഗണനയോടെ വിതരണം ചെയ്യാനുള്ള ഉത്തരവിറക്കാനാണ് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
80:20 അനുപാതം നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. ന്യൂനപക്ഷങ്ങളെ മുസ്‌ലിം, ക്രിസ്ത്യന്‍ എന്നിങ്ങനെ വേര്‍തിരിക്കുന്നത് മതനിരപേക്ഷതയ്ക്ക് എതിരാണെന്നും ആനുകൂല്യങ്ങള്‍ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് പാലക്കാട് സ്വദേശി ജസ്റ്റിന്‍ പള്ളിവാതുക്കല്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
മുസ്‌ലിംകള്‍ക്ക് 80%, ലത്തീന്‍ കത്തോലിക്കാ, പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങള്‍ക്കായി 20% എന്നിങ്ങനെ തരംതിരിച്ച് അനുപാതം നിശ്ചയിച്ചതടക്കം മൂന്ന് സര്‍ക്കാര്‍ ഉത്തരവുകള്‍ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ന്യൂനപക്ഷ കമ്മിഷന്റെ നിയമ വ്യവസ്ഥകളെ സര്‍ക്കാര്‍ ഉത്തരവു കൊണ്ടു മറികടക്കാനാവില്ലെന്നും കോടതി പറഞ്ഞു.
ന്യൂനപക്ഷ വിഭാഗങ്ങളെ തുല്യമായാണു പരിഗണിക്കേണ്ടത്. സംസ്ഥാനത്തെ ജനസംഖ്യാ അനുപാതം അനുസരിച്ചു ക്രൈസ്തവര്‍ക്ക് അര്‍ഹമായതു കണക്കിലെടുക്കാതെ, മുസ്‌ലിം വിഭാഗത്തിന് 80% സ്കോളര്‍ഷിപ് നല്‍കുന്നതു ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് പരാതി പരിഗണിച്ചത്.