മന്ത്രിമാരുടെ വകുപ്പ് വിഭജനത്തില്‍ ന്യൂനപക്ഷക്ഷേമവും മുഖ്യമന്ത്രിക്ക്. മന്ത്രി വി. അബ്ദുറഹ്മാന് നല്‍കുമെന്ന് ദേശാഭിമാനിയിലടക്കം വന്ന റിപ്പോർട്ടുകള്‍ക്ക് വിപരീതമായാണ് വെള്ളിയാഴ്ച പുറത്തിറങ്ങിയ വകുപ്പ് വിഭജന വിജ്ഞാപനം. കായികം, വഖഫ്, ഹജ്ജ് തീര്‍ഥാടനം, റെയില്‍വേ, പോസ്റ്റ് ആന്‍ഡ് ടെലിഗ്രാഫ് എന്നിവയാണ് അബ്ദുറഹ്മാന് അനുവദിച്ച വകുപ്പുകള്‍.
അതിനിടെ, ക്രൈസ്തവ സഭകളുടെ സമ്മര്‍ദം കാരണമാണ് ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതെന്ന വിമര്‍ശനമുയര്‍ന്നു. പ്രവാസി വകുപ്പും മുഖ്യമന്ത്രിക്കാണ്.
കെ.സി.ബി.സി ഉള്‍പ്പെടെയുള്ള ക്രൈസ്തവ സംഘടനകള്‍ തീരുമാനത്തെ സ്വാഗതം ചെയ്തു. മുസ്ലിംലീഗ് വിമര്‍ശനവുമായി രംഗത്തെത്തി.
കഴിഞ്ഞ സര്‍ക്കാറില്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രി കെ.ടി. ജലീലിനുമെതിരെ കടുത്ത വിവേചന ആരോപണങ്ങളുമായി ക്രൈസ്തവ സഭ നേതാക്കളും സംഘടനകളും രംഗത്തെത്തിയിരുന്നു. വകുപ്പ് മുസ്ലിം കേന്ദ്രീകൃതമാക്കുന്നു എന്നായിരുന്നു ആക്ഷേപം.
വകുപ്പിന് കീഴിലെ സര്‍ക്കാര്‍ ആനുകൂല്യങ്ങളും സ്കോളര്‍ഷിപ് ഉള്‍പ്പെടെയുള്ള സഹായങ്ങളുടെ സിംഹഭാഗവും മുസ്ലിം സമുദായം കൈക്കലാക്കുന്നു എന്നും പ്രചാരണമുണ്ടായി.
രാജ്യത്തെ മുസ്ലിം പിന്നാക്കാവസ്ഥ പഠിച്ച് സച്ചാര്‍ കമീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിെന്റ അടിസ്ഥാനത്തില്‍ കേരളത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ ശിപാര്‍ശ ചെയ്യാന്‍ വി.എസ് സര്‍ക്കാര്‍, പാലോളി മുഹമ്മദ്കുട്ടി അധ്യക്ഷനായി ഒമ്പതംഗ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുസ്ലിം ക്ഷേമത്തിനായി ന്യൂനപക്ഷക്ഷേമ വകുപ്പും അതിനു കീഴില്‍ വിവിധ പരിശീലന കേന്ദ്രങ്ങളും സര്‍ക്കാര്‍ ആരംഭിച്ചത്.
കേരളത്തിലെ മുസ്ലിംകള് ന്യൂനപക്ഷവും പൂര്‍ണമായി പിന്നാക്കവിഭാഗവുമാണ്. ക്രൈസ്തവര്‍ ന്യൂനപക്ഷമാണെങ്കിലും ബഹു ഭൂരിഭാഗവും മുന്നാക്ക വിഭാഗത്തില്‍പെട്ടവരാണ്. മുന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണാനുകൂല്യങ്ങളും അവര്‍ക്കുണ്ട്.
അതോടൊപ്പം മുസ്ലിംക്ഷേമത്തിന് രൂപം കൊണ്ട ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ അനുവദിച്ച സ്കോളര്ഷിപ്പുകളില് ക്രൈസ്തവര്‍ ഉള്‍പ്പടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കും 20 ശതമാനം നല്കിവരുന്നു. എന്നാല്‍, ഈ അധിക ആനുകൂല്യത്തിന്റെ കാര്യം മറച്ചുവെച്ച് 80 ശതമാനവും മുസ്ലിംകള് കൈക്കലാക്കുന്നു എന്ന ആക്ഷേപമാണ് ഉയര്‍ത്തുന്നത്.
കഴിഞ്ഞ സര്‍ക്കാറിന്റെ അവസാന കാലത്ത് ഈ ആരോപണം ശക്തമായപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് തന്നെ മുസ്ലിം സമുദായം അനര്‍ഹമായത് നേടിയിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. ക്രൈസ്തവരിലും പിന്നാക്ക വിഭാഗം ഉണ്ടെന്ന് സഭകള്‍ ആവശ്യമുന്നയിച്ചത് അനുസരിച്ച് ജസ്റ്റിസ് കോശി അധ്യക്ഷനായ സമിതിയെ നിശ്ചയിച്ചിട്ടുമുണ്ട്.
എന്നാല്‍, തെരഞ്ഞെടുപ്പിനു ശേഷവും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ക്രൈസ്തവ വിഭാഗത്തിനു വിട്ടു കൊടുക്കുകയോ മുഖ്യമന്ത്രി ഏറ്റെടുക്കുകയോ വേണമെന്ന് ആവശ്യപ്പെട്ട് ചങ്ങനാശ്ശേരി അതിരൂപതയും കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് ഉള്‍പ്പെടെ രംഗത്തുവന്നതിനു പിറകെയാണ് വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തുകൊണ്ടുള്ള വിജ്ഞാപനം പുറത്തുവന്നിരിക്കുന്നത്.
മുഖ്യമന്ത്രിക്ക് അഭിനന്ദനമറിയിച്ചു കൊണ്ടുള്ള പ്രചാരണം സമൂഹ മാധ്യമങ്ങളിലെ ക്രൈസ്തവ പ്രൊഫൈലുകളില്‍ സജീവമായി. വകുപ്പ് ഏറ്റെടുത്തതില്‍ അസ്വാഭാവികതയില്ലെന്നും മുസ്ലിംസമുദായം സര്‍ക്കാറിനെ വിശ്വാസത്തിലെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ പ്രതികരിച്ചു.