അത്ഭുത ജന്മം; ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണത്തിലൂടെ കുഞ്ഞ് പിറന്നു

കൊച്ചി- അണ്ഡാശയത്തിൽ കാൻസറാണെന്ന് ഡോക്ടർമാർ പറഞ്ഞതോടെ വിവാഹം കഴിഞ്ഞ് ഒരു വർഷം മാത്രമായ രേഷ്മയ്ക്കും (പേര് മാറ്റിയത്) ഭർത്താവിനും സ്വന്തം കുഞ്ഞെന്നത് വെറും സ്വപ്‌നം മാത്രമാകുമെന്നായിരുന്നു കരുതിയിരുന്നത്. കാൻസർ ചികിത്സയുടെ ഭാഗമായി അണ്ഡാശയങ്ങൾ നീക്കം ചെയ്യേണ്ടി വരുമെന്ന് രേഷ്മയെ ചികിത്സിച്ച ആസ്റ്റർ മെഡ്‌സിറ്റിയിലെ ഡോക്ടർമാർ പറഞ്ഞപ്പോൾ അവരത് ഉറപ്പിച്ചു. എന്നാൽ ഇവരുടെ ആഗ്രഹം അറിഞ്ഞ ഡോക്ടർമാർ അതിനൊരു പ്രതിവിധി നിർദ്ദേശിച്ചു. അങ്ങനെ കാൻസർ ചികിത്സയ്ക്ക് ശേഷം സുഖം പ്രാപിച്ച രേഷ്മ ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണത്തിലൂടെ രണ്ട് വർഷത്തിന് ശേഷം കുഞ്ഞിന് ജൻമം നൽകി.

2018ലാണ് അങ്കമാലി സ്വദേശി 28 കാരിയായ രേഷ്മ കടുത്ത വയറു വേദനയുമായി ആസ്റ്റർ മെഡ്‌സിറ്റിയിൽ എത്തിയത്. സ്‌കാനിങ്ങിൽ രണ്ട് അണ്ഡാശയങ്ങളിലും നിരവധി സിസ്റ്റുകൾ കണ്ടെത്തി. മാലിഗ്‌നന്റ് സ്ട്രുമ ഓവറൈ എന്ന അത്യപൂർവ തരം കാൻസർ മൂലമായിരുന്നു അണ്ഡാശയത്തിലെ സിസ്റ്റുകൾ. കാൻസർ അപ്പോൾ തന്നെ രേഷ്മയുടെ വയറിലാകെ പടർന്നിരുന്നു. അണ്ഡാശയങ്ങൾക്ക് പുറമേ തൈറോയ്ഡ് ഗ്രന്ഥി, അപ്പെൻഡിക്‌സ് എന്നിവ നീക്കം ചെയ്ത് അയഡിൻ തെറാപ്പി ചികിത്സയാണ് ഡോക്ടർമാർ രേഷ്മയ്ക്ക് നിർദ്ദേശിച്ചത്.
അണ്ഡാശയങ്ങൾ നീക്കം ചെയ്തു കഴിഞ്ഞാൽ പിന്നെ രേഷ്മയ്ക്ക് ഗർഭം ധരിക്കാനാകില്ല എന്ന കാര്യം ബോധ്യപ്പെട്ടതോടെയാണ് ഡോക്ടർമാരുടെ നിർദ്ദേശത്തിൽ കാൻസർ ചികിത്സയ്ക്ക് ശേഷം ഫ്രോസൺ എംബ്രിയോ ഉപയോഗിച്ച് ഗർഭധാരണം നടത്താൻ തീരുമാനിച്ചത്. അണ്ഡാശയം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് മുമ്പ് തന്നെ രേഷ്മയുടെ അണ്ഡം പുറത്തെടുത്ത് ഐവിഎഫ്, ഐസിഎസ്‌ഐ രീതികളിലൂടെ ഭർത്താവിന്റെ ബീജവുമായി സങ്കലനം നടത്തി ഭ്രൂണത്തെ പിന്നീട് ഉപയോഗിക്കുന്നതിനായി ശീതീകരിച്ച് സൂക്ഷിക്കുക എന്നതായിരുന്നു അത്. അണ്ഡാശയത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമേ രോഗഗ്രസ്ഥമല്ലാതെ ഉണ്ടായിരുന്നുള്ളു എന്നത് കൊണ്ട് തന്നെ പ്രക്രിയ അത്ര എളുപ്പമായിരുന്നില്ലെന്ന് ആസ്റ്റർ മെഡ്‌സിറ്റിയിലെ ഗൈനക്കോളജി സീനിയർ കൺസൾട്ടന്റും ഐവിഎഫ് വിഭാഗം മേധാവിയുമായ ഡോ. ഷമീമ അൻവർസാദത്ത് പറഞ്ഞു.
10 ദിവസത്തെ ചികിത്സയെ തുടർന്ന് ലഭിച്ച അണ്ഡങ്ങൾ ഐസിഎസ്‌ഐ പ്രക്രിയയ്ക്ക് ശേഷം ഭ്രൂണങ്ങളായി വികസിപ്പിച്ച് ശീതീകരിച്ച് സൂക്ഷിച്ചു. അടുത്ത ദിവസം തന്നെ രേഷ്മയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും തുടർന്ന് ആറ് മാസം നീളുന്ന അയഡിൻ ചികിത്സ ആരംഭിക്കുകയും ചെയ്തു. ചികിത്സയ്ക്ക് ശേഷം കാൻസർ മുക്തമായി ഒന്നര വർഷത്തിന് ശേഷം ഹോർമോണുകളുടെ അഭാവം മൂലം രേഷ്മയുടെ ഗർഭപാത്രം ആർത്തവവിരാമ ഘട്ടത്തിലെ വലിപ്പത്തിലേക്ക് ചുരുങ്ങിയിരുന്നു. ഹോർമോൺ ചികിത്സയിലൂടെ ഗർഭപാത്രം സാധാരണ നിലയിലായതിന് ശേഷമാണ് രണ്ട് ഭ്രൂണങ്ങൾ അതിലേക്ക് മാറ്റിയത്. 2021 ഏപ്രിൽ 10ന് രേഷ്മ ആരോഗ്യമുള്ള ഒരു പെൺകുഞ്ഞിന് ജൻമം നൽകി. ഓങ്കോളജി, എൻഡോക്രൈനോളജി, ന്യുക്ലിയർ മെഡിസിൻ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരാണ് രേഷ്മയുടെ ചികിത്സയ്ക്ക് നേതൃത്വം നൽകിയത്.

spot_img

Related Articles

Latest news