ഷാർജ: ശനിയാഴ്ച രാവിലെ ഷാർജയില്‍ നിന്ന് കാണാതായ റിതിക സുധീറിനെ കണ്ടെത്തിയതായി കുടുബം. ദുബായില്‍ ഔദ് മേത്ത എന്ന സ്ഥലത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.കുട്ടിയെ ഷാർജ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കിയതായി മാതാപിതാക്കള്‍ അറിയിച്ചു.
ഔദ് മേത്ത എന്ന സ്ഥലത്ത് കുട്ടിയെ കണ്ട ചിലർക്ക് സംശയം തോന്നിയിരുന്നു. മാധ്യമങ്ങളില്‍ കുട്ടിയുടെ ചിത്രം നല്‍കിയിരുന്നത് കൊണ്ട് വളരെ പെട്ടെന്ന് കുട്ടിയെ തിരിച്ചറിയാൻ സാധിച്ചു.
ഉടൻ തന്നെ പ്രദേശവാസികള്‍ റിതികയെ തടഞ്ഞു വയ്ക്കുകയും ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് ബന്ധുക്കള്‍ സ്ഥലത്ത് എത്തി കുട്ടിയെ കൂടി കൊണ്ട് പോകുകയും പോലീസ് സ്റ്റേഷനില്‍ ഹാജരാക്കുകയും ചെയ്തു.
മൂന്ന് മാസം മുൻപാണ് റിതികയും കുടുംബവും ദുബായില്‍ നിന്ന് ഷാർജയിലേക്ക് താമസം മാറിയത്. അന്ന് മുതല്‍ ഔദ് മേത്തയില്‍ താൻ പഠിച്ചിരുന്ന സ്കൂളില്‍ പോകണമെന്ന് കുട്ടി ആവശ്യപ്പെടുമായിരുന്നു. എന്നാല്‍ കുടുംബം ഈ ആവശ്യം ഗൗരവമായി എടുത്തിരുന്നില്ല.
കഴിഞ്ഞ ദിവസം അബു ഷഗാരയിലെ ഒരു ക്ലിനിക്കില്‍ സഹോദരനോടൊപ്പം പോയപ്പോഴാണ് 22 കാരിയായ റിതിക സുധീർ പഴയ സ്കൂളിലേക്ക് പോകാൻ തീരുമാനിച്ചത്. അനിയനെ ക്ലിനിക്കില്‍ ആക്കിയ ശേഷം പിൻവാതിലിലൂടെ പുറത്ത് കടന്നു.
ബസിലും തുടർന്ന് ദുബായ് മെട്രോയിലും കയറി കുട്ടി സ്കൂളിലെത്തി. അവിടെ വച്ചാണ് നാട്ടുകാർ റിതികയേ കാണുകയും ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്‍തത്. കുട്ടിയെ കണ്ടെത്താൻ സഹായിച്ച എല്ലാവരോടും രീതികളുടെ കുടുംബം നന്ദി പറഞ്ഞു.