ആർ.എസ്.എസിനെ പേടിച്ച് ഒരു മാളത്തിലും ഒളിച്ചിട്ടില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീർ. ഇനി സി.പി.ഐ.എമ്മും ബി.ജെ.പിയും മാത്രം മതിയെന്ന വിചാരമാണെങ്കിൽ അത് നടപ്പാവില്ലെന്നും പകൽ ആർ.എസ്.എസുമായി തല്ലുകൂടി രാത്രി പാലൂട്ടി ഉറങ്ങുന്നവരാണ് സി.പി.എമ്മെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ സി.എ.ജിക്കെതിരായ പ്രമേയത്തെ എതിർത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എതിർക്കുന്നവരെ ഇല്ലാതാക്കുന്ന നിലപാടാണ് സർക്കാർ എപ്പോഴും കൈക്കൊള്ളുന്നത്. കോൺഗ്രസ് ഇല്ലാത്ത ഭരണം വേണമെന്ന് പറയുന്ന രണ്ടേ രണ്ട് പാർട്ടിയേ രാജ്യത്തുള്ളു. അത് കമ്മ്യൂണിസ്റ്റ് പാർട്ടിയും ബി.ജെ.പിയുമാണ്. ഒന്നുകിൽ സി.പി.എം ആകുക, അതല്ലെങ്കിൽ ബി.ജെ.പിയാവുക എന്ന നിലപാടാണ് അവർക്കുള്ളത്. ആ തിയറി ഇവിടെ നടക്കാൻ പോകുന്നില്ല. അങ്ങനെ ഒറ്റശ്വാസത്തിൽ കോൺഗ്രസിനെ ഇല്ലാതാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സി.എ.ജി എന്നുകേട്ടാൽ സംഘപരിവാർ ബന്ധം ആരോപിച്ച് കൈ കഴുകി രക്ഷപ്പെടാൻ ശ്രമിക്കേണ്ട. ഇത് സത്യസന്ധമായി പരിശോധിക്കാൻ ഈ രാജ്യത്തെ ജനങ്ങൾ തയ്യാറാകുമെന്നും മുനീർ പറഞ്ഞു. വരുന്ന എല്ലാ സി.എ.ജി റിപ്പോർട്ടിലും ഭരിക്കുന്നവർക്കെതിരെ പരാമർശം ഉണ്ടായാൽ പ്രമേയം പാസാക്കി റിപ്പോർട്ട് തള്ളുന്നുവെന്ന് പറഞ്ഞാൽ മതിയല്ലോ. അതിലും നല്ലത് സി.എ.ജിയെ പിരിച്ചുവിട്ടേക്കൂ എന്ന് പറയുന്നതല്ലേയെന്നും മുനീർ ചോദിച്ചു. ‘എതിർക്കുന്നവരെ ഇല്ലാതാക്കുന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിന് ഉദാഹരണമാണ് സി.എ.ജി റിപ്പോർട്ടിലെ കിഫ്ബിക്കെതിരായ പരാമർശങ്ങൾ നീക്കാനുള്ള പ്രമേയം. സി.പി.എമ്മിനെതിരെ സംസാരിക്കുന്നവരെയെല്ലാം ഒഴിവാക്കുന്ന നിലപാടാണ് പ്രമേയത്തിലൂടെ ആവർത്തിക്കുന്നത്. ഇങ്ങനെ ചെയ്താണ് ബംഗാളിലും ത്രിപുരയിലും സി.പി.എം ഇല്ലാതെയായതെന്നും എം.കെ മുനീർ പറഞ്ഞു.