കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ തന്നെ മനപ്പൂര്‍വം തേജോവധം ചെയ്യുകയായിരുന്നുവെന്ന് മന്ത്രി എം എം മണി. ഒരു ബന്ധവുമില്ലാത്ത കേസുകളിലാണ് തന്നെ പ്രതിയാക്കിയത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരായ പരനാറി പരാമര്‍ശം തന്റെ ആത്മരോഷമാണ്. ഇത്തവണ ഉടുമ്പ ചോലയില്‍ വലിയ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് ജയിക്കുമെന്നും എം എം മണി പറഞ്ഞു.
തിരുവഞ്ചൂര്‍ തൊടുപുഴ വന്ന് പ്രസംഗിച്ചത് ഈ ജില്ലയില്‍ ഒരു ശല്യമുണ്ട്, അത് ഞങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട് എന്നാണ്. അയാളെ കുറിച്ച് എന്തുപറയണം? എന്നാണ് എം എം മണിയുടെ ചോദ്യം. തനിക്ക് പറയാനുള്ളത് തന്‍റെ ഭാഷയില്‍ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
“ഉടുമ്പന്‍ചോലയിലെ യുഡിഎഫ് എംഎല്‍എമാര്‍ മണ്ഡലത്തോട് നീതി പുലര്‍ത്തിയില്ല. ഞാന്‍ വന്നപ്പോള്‍ സാധ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ തവണ മത്സരിച്ചപ്പോള്‍ ഇങ്ങേര് എംഎല്‍എ ആകാനോ എന്ത് ചെയ്യാനാ, മന്ത്രിയായപ്പോള്‍ ഇങ്ങേര് മന്ത്രിയായിട്ട് എന്ത് ചെയ്യാനാ എന്നെല്ലാമാണ് പലരും പ്രചരിപ്പിച്ചത്. എനിക്ക് പണി അറിയാമെന്ന് ഞാന്‍ ബോധ്യപ്പെടുത്തിക്കൊടുത്തിട്ടുണ്ട്. കാര്യങ്ങള്‍ ചെയ്ത് കാണിച്ചുകൊടുക്കുക അതാണ് ചെയ്തത്”, മാണി ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അവകാശപ്പെട്ടു.