ഇടുക്കി: ഹൃദയാഘാതത്തെത്തുടർന്ന് ചികിത്സയില്‍ കഴിയുന്ന മുതിർന്ന സി.പി.എം നേതാവും ഉടുമ്പൻചോല എം.എല്‍.എയുമായ എം.എം.മണിയുടെ ആരോഗ്യനിലയില്‍ പുരോഗതി. അദ്ദേഹത്തിന് വെന്റിലേറ്ററിന്റെ സഹായം ഒഴിവാക്കിയിട്ടുണ്ട്. രണ്ടുദിവസം കൂടി അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ തുടരും. ഇതിനുശേഷമായിരിക്കും ഡിസ്ചാർജ് അടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കുക എന്ന് ഡോക്ടർമാർ അറിയിച്ചതായി എംഎം മണിയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.
മധുരയില്‍ നടക്കുന്ന സി.പി.എം പാർട്ടി കോണ്‍ഗ്രസിനിടെ ഇന്നലെയാണ് എണ്‍പതുകാരനായ എം.എം. മണിക്ക് ശ്വാസതടസം അനുഭവപ്പെട്ടത്. ഉടൻ തന്നെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നിരീക്ഷണത്തിലിരിക്കെയാണ് ഹൃദയാഘാതം ഉണ്ടായത്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന തരത്തില്‍ റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. സിപിഎമ്മിന്റെ പ്രമുഖ നേതാക്കള്‍ ആശുപത്രിയിലെത്തിയിരുന്നു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വൈദ്യുത വകുപ്പ് മന്ത്രിയായിരുന്ന മണി നിലവില്‍ പാർട്ടിയുടെ സംസ്ഥാനസമതി അംഗമാണ്. അദ്ദേഹത്തിന് നേരത്തേയും ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. 1985ലായിരുന്നു മണി ആദ്യമായി ജില്ലാ സെക്രട്ടറിയാകുന്നത്. പിന്നീട് എട്ടുതവണ ഇടുക്കി ജില്ലാസെക്രട്ടറിയായി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം സിപിഎം ജില്ലാസെക്രട്ടറിയായി പ്രവർത്തിച്ച വ്യക്തിയും മണിയാണ്. ജില്ലയില്‍ പാർട്ടിക്ക് ശക്തമായ അടിത്തറയൊരുക്കാൻ മുന്നില്‍ നിന്ന് പ്രവർത്തിച്ച വ്യക്തികൂടിയാണ് അദ്ദേഹം.