തിരുവനന്തപുരം: മൊബൈല്‍ ഫോണിന്റെ പിരിധിവിട്ട ഉപയോഗം കുട്ടികളെ ഗുരുതരമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ‘അഞ്ച് വയസ്സായില്ല.. മൊബൈലിലെ എല്ലാ ഫംഗ്ഷനും അവന് നിസ്സാരം ‘ എന്ന് മക്കളെ കുറിച്ച് സ്വാഭിമാനം പുകഴ്ത്തുന്ന ചില രക്ഷിതാക്കള്‍ക്കുള്ള മുന്നറിയിപ്പാണിതെന്നും പൊലീസ് കുറിക്കുന്നു.
പരിധിവിട്ട ഉപയോഗം കുട്ടികളില്‍ ഹൈപ്പര്‍ ആക്റ്റിവിറ്റി ഉണ്ടാകാന്‍ കാരണമാകുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. കുട്ടികളുടെ ത്വക്കു മുതല്‍ ഓരോ അവയവങ്ങളും വളര്‍ച്ച പ്രാപിക്കുന്നതെ ഉള്ളൂ. അതുകൊണ്ടുതന്നെ വളര്‍ച്ചയുടെ ഘട്ടത്തില്‍ മൊബൈലില്‍ നിന്നുണ്ടാകുന്ന വൈദ്യുത കാന്തിക തരംഗങ്ങള്‍ മുതിര്‍ന്നവരേക്കള്‍ വേഗത്തില്‍ കുട്ടികളെ ഗുരുതരമായി ബാധിക്കുന്നു. വിഡിയോ ഗെയിം തുടങ്ങി മൊബൈല്‍ ഉപയോഗം പതിവാകുന്നതോടെ കാഴ്ചശക്തി കുറയുക, വിഷാദം, ആത്മഹത്യാപ്രവണത, പഠനത്തില്‍ ശ്രദ്ധയില്ലായ്മ, ദേഷ്യം, അക്രമവാസന തുടങ്ങിയ പെരുമാറ്റവൈകല്യങ്ങളും കുട്ടികളില്‍ കാണുന്നതായും പൊലീസ് പറഞ്ഞു.
*പൊലീസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം*
‘അഞ്ച് വയസ്സായില്ല.. മൊബൈലിലെ എല്ലാ ഫംഗ്ഷനും അവന് നിസ്സാരം ‘ എന്ന് മക്കളെ കുറിച്ച് സ്വാഭിമാനം പുകഴ്ത്തുന്ന ചില രക്ഷിതാക്കളെ നമ്മളില്‍ പലര്‍ക്കും അറിയാമായിരിക്കും.
ഒരഭിമുഖത്തില്‍ മൈക്രോസോഫ്റ്റ് തലവന്‍ ബില്‍ ഗേറ്റ്സ് പറഞ്ഞത് 14 വയസ്സ് വരെ തന്റെ മക്കള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ നല്‍കിയിരുന്നില്ല എന്നാണ്. മറ്റു കുട്ടികള്‍ക്ക് നേരത്തെ ഫോണ്‍ കിട്ടിയെന്ന് കുട്ടികള്‍ പരാതിപ്പെട്ടിട്ടുണ്ട്. മൊബൈല്‍ ഉപയോഗം നിയന്ത്രിച്ചതിനാല്‍ അവര്‍ക്ക് ഉറങ്ങാനും ഹോം വര്‍ക്ക് ചെയ്യാനും കൂട്ടുകാരോടുത്തു കളിക്കാനും വേണ്ടുവോളം സമയം ലഭിച്ചിക്കുന്നു എന്നും…
ഭക്ഷണം കഴിക്കുമ്പോഴും പഠിക്കുമ്പോഴും കളിക്കുമ്പോഴും എന്തിനേറെ ഉറങ്ങാന്‍ കിടക്കുമ്പോഴും മൊബൈല്‍ ഉപയോഗിക്കുന്നത് പല കുട്ടികള്‍ക്കും ഒരു ശീലമായിട്ടുണ്ട്. മാതാപിതാക്കള്‍ തന്നെ ശീലിപ്പിച്ചിട്ടുണ്ട് എന്ന് വേണമെങ്കിലും പറയാം. കുട്ടികളില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം വളരെയേറെ ദോഷകരമാണെന്ന് അറിയാമായിരുന്നിട്ടും കുറച്ചു സമയമെങ്കിലും വികൃതി കുറയട്ടെ എന്ന് കരുതി പല മാതാപിതാക്കളും അവര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ കൊടുക്കുന്നു.
പരിധിവിട്ട ഉപയോഗം കുട്ടികളില്‍ ഹൈപ്പര്‍ ആക്റ്റിവിറ്റി ഉണ്ടാകാന്‍ കാരണമാകുന്നുവെന്ന് വിദഗ്ദര്‍ പറയുന്നു. കുട്ടികളുടെ ത്വക്കു മുതല്‍ ഓരോ അവയവങ്ങളും വളര്‍ച്ച പ്രാപിക്കുന്നതെ ഉള്ളൂ. അതുകൊണ്ടുതന്നെ വളര്‍ച്ചയുടെ ഘട്ടത്തില്‍ മൊബൈലില്‍ നിന്നുണ്ടാകുന്ന വൈദ്യത കാന്തിക തരംഗങ്ങള്‍ മുതിര്‍ന്നവരേക്കള്‍ വേഗത്തില്‍ കുട്ടികളെ ഗുരുതരമായി ബാധിക്കുന്നു. വീഡിയോ ഗെയിം തുടങ്ങി മൊബൈല്‍ ഉപയോഗം പതിവാകുന്നതോടെ കാഴ്ചശക്തി കുറയുക, വിഷാദം, ആത്മഹത്യാപ്രവണത, പഠനത്തില്‍ ശ്രദ്ധയില്ലായ്മ, ദേഷ്യം, അക്രമവാസന തുടങ്ങിയ പെരുമാറ്റവൈകല്യങ്ങളും കുട്ടികളില്‍ ദൃശ്യമാകുന്നു.
മൊബൈലോ കംപ്യൂട്ടറോ സുലഭമല്ലാതിരുന്നൊരു കാലത്ത് കുട്ടികള്‍ക്ക് അവരുടെ ബാല്യകാലം സമൃദ്ധമായിരുന്നു. സോഷ്യല്‍ മീഡിയയുടെ വളര്‍ച്ചയും കാലഘട്ടത്തിന്റെ മുന്നേറ്റവും നമ്മുടെ ജീവിതശൈലിയിലുണ്ടാക്കിയ മാറ്റം അവരുടെ ബാല്യത്തിനെയും ബാധിച്ചിരിക്കുന്നു. പ്രകൃതിയെയും സമൂഹത്തെയും അടുത്തറിയുന്നതിനു പകരം മൊബൈല്‍ ഫോണിന്റെ ചെറിയ സ്‌ക്രീനില്‍ അവരുടെ ബാല്യം ഒതുങ്ങാന്‍ പാടില്ല. ഇതിനു പ്രധാന കാരണം ഒരു പരിധിവരെ അച്ഛനമ്മമാര്‍ തന്നെയാണ്. തിരക്കേറിയ ജീവിതത്തിനിടയില്‍ മാതാപിതാക്കളില്‍ പലര്‍ക്കും തങ്ങളുടെ മക്കളെ ശ്രദ്ധിക്കാനുള്ള സമയം കിട്ടുന്നില്ല. മൊബൈല്‍ വേണമെന്ന് വാശി പിടിക്കുന്ന കുട്ടികളെ രക്ഷിതാക്കള്‍ അതിന്റെ ദൂഷ്യവശം പറഞ്ഞു മനസ്സിലാക്കി നിശ്ചിത സമയത്തേക്ക് അത്യാവശ്യമെങ്കില്‍ അനുവദിക്കുക. രക്ഷാകര്‍തൃത്വം എന്നതിലുപരി കുട്ടികളുമായി സൗഹൃദം പുലര്‍ത്തുക.
Mediawings :

