യാത്രകൾ കൂടുതൽ ആധുനികവും സൗകര്യപ്രദവുമാക്കാനൊരുങ്ങി കെഎസ്‌ആർടിസി. വാഹന നവീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ സാമ്പത്തിക വർഷം അനുവദിച്ച 50 കോടിയിൽ നിന്ന് 44.64 കോടി ഉപയോഗിച്ച് അത്യാധുനിക ശ്രേണിയിലുള്ള 100 ബസുകൾ പുറത്തിറക്കാൻ തീരുമാനിച്ചു.
നവംബർ ഒന്നിന് കേരള പിറവി ദിനത്തിൽ ആദ്യഘട്ടത്തിലുള്ള ബസുകൾ പുറത്തിറക്കാനാണ് കെഎസ്ആർടിസിയുടെ ശ്രമം. തുടർന്ന് 2022 ഫെബ്രുവരി മാസത്തോടെ മുഴുവൻ ബസുകളും പുറത്തിറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.
സ്ലീപ്പർ, സെമി സ്ലീപ്പർ, എയർ സസ്പെൻഷൻ നോൺ എ.സി തുടങ്ങിയവയിലെ ആധുനിക ബിഎസ് സിക്സ് ബസുകളാണ് കെഎസ്ആർടിസിയിൽ എത്തുന്നത്. ഇതോടെ ദീർഘ ദൂര യാത്രക്കാരെ കൂടുതലായി കെഎസ്ആർടിസിയിലേക്ക് ആകർഷിക്കാനുമാകുമെന്നാണ് പ്രതീക്ഷ.
8 സ്ലീപ്പർ , 20 സെമി സ്ലീപ്പർ , 72 എയർ സസ്പെൻഷൻ നോൺ എ.സി ബസുകൾ വാങ്ങും. തമിഴ്നാടിന് 140 , കർണ്ണാടകയ്ക്ക് 82 ബസുകളുമാണ് സ്ലീപ്പർ വിഭാഗത്തിലുള്ളത്. കേരളത്തിന് സ്ലീപ്പർ ബസുകൾ ഇല്ലായിരുന്ന പോരായ്മയാണ് പുതിയ ബസുകൾ വരുന്നതോടെ ഇല്ലാതാകുന്നത്.