മലപ്പുറം: നാല് നിലകളിലായി 45,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയും 7000 ത്തിലധികം പേര്‍ക്ക് ഒരുമിച്ച് നിസ്‌കരിക്കാനും സൗകര്യവുമുള്ള അത്യാധുനിക മസ്ജിദ് മലപ്പുറത്ത് തുറന്നു. നൂറ്റാണ്ടിലേറെ പഴക്കമുള്ള മലപ്പുറം മേല്‍മുറി ആലത്തൂര്‍ പടി ജുമാ മസ്ജിദാണ് ചരിത്രത്തിലെ ഏറ്റവും വലിയ പുനരുദ്ധാരണത്തിന് ശേഷം ഉദ്ഘാടനം ചെയ്തത്. ഇത്രയും പേരെ ഉള്‍ക്കൊള്ളുന്ന പള്ളി കേരളത്തില്‍ വേറെയുണ്ടോ എന്നറിയില്ലെന്നാണു ഭാരവാഹികള്‍ പറയുന്നത്.
താഴത്തെ നില എയര്‍ കണ്ടീഷന്‍ ചെയ്തിട്ടുണ്ട്. വുളൂ ചെയ്യാന്‍ ആധുനിക സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. മുകളിലെ രണ്ട് നിലകള്‍ ദര്‍സിനും വിദ്യാര്‍ഥികള്‍ക്കും വേണ്ടി സര്‍വ സജ്ജമാണ്. അവിടെ ശുചിമുറി, വുളൂ സൗകര്യമടക്കം തയ്യാറാണ്. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കിയാണ് പള്ളി ഉദ്ഘാടനം ചെയ്തത്.
നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള പള്ളിയുടെ പുരാതന ഭാഗങ്ങളെ തനത് ഗാംഭീര്യത്തോടെ അവിടെത്തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. പള്ളികള്‍ ആഡംബരമാക്കുന്നതിൻ്റെ സാംഗത്യത്തെക്കുറിച്ച് പലവിധ അഭിപ്രായങ്ങളും ഉയിരുന്നുണ്ട്. എങ്കിലും, പള്ളികള്‍ക്ക് അവയുടെ സര്‍വവിധ പ്രതാപവും നിലനിര്‍ത്തിക്കൊടുക്കുക എന്നത് എക്കാലത്തെയും ഇസ്ലാമിൻ്റെ നിലപാടായിരുന്നു എന്നാണ് പുനരുദ്ധാനത്തെ അനുകൂലിക്കുന്നവരുടെ പക്ഷം.