കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രചാരണങ്ങള്‍ക്ക് കൊഴുപ്പേകാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധിയും ഇന്നു കേരളത്തിലെത്തും. എന്‍ഡിഎ തിരഞ്ഞെടുപ്പ് പ്രചരണത്തിനായെത്തുന്ന നരേന്ദ്ര മോദി പാലക്കാടാണ് എത്തുന്നത്. രാവിലെ 11 മണിയോടെ കോട്ടമൈതാനിയിലാണ് പൊതുയോഗം.
ജില്ലയിലെ പന്ത്രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളും പ്രധാനമന്ത്രിക്കൊപ്പം സമ്മേളന വേദിയിലുണ്ടാവും. രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളില്‍ അമിത് ഷാ അടക്കമുള്ള നേതാക്കള്‍ കേരളത്തിലെത്തിയിരുന്നു.
യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി ആദ്യമെത്തുന്നത് തെക്കന്‍ കേരളത്തിലാണ്. രണ്ട് ദിവസത്തെ പ്രചാരണ പരിപാടികള്‍ക്കായാണ് പ്രിയങ്കയെത്തുന്നത്. രാവിലെ പത്തരയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന പ്രിയങ്ക കായംകുളം മണ്ഡലത്തിലെ പൊതുപരിപാടിയിലാണ് ആദ്യം പങ്കെടുക്കുക. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ആദ്യ ദിവസത്തെ പര്യാടനം. വലിയതുറയില്‍ റോഡ് ഷോയിലും പങ്കെടുക്കും. തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ നാളെയാണ് പര്യടനം.
ഏപ്രില്‍ 2ന് പ്രധാനമന്ത്രി വീണ്ടും വരുന്നുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ കലാശക്കൊട്ടിന് വീണ്ടും വരും. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ഈയാഴ്ച കേരളത്തിലെത്തും.
രാഹുല്‍ ഗാന്ധിയുടെ മൂന്നാം വട്ട കേരള പ്രചാരണം 3, 4 തിയതികളില്‍ വയനാട്, കോഴിക്കോട് ജില്ലകളിലാണ്. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പി ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട് എന്നിവര്‍ കേരളത്തിലുണ്ട്.
ദേശീയ നേതാക്കളുണ്ടെങ്കിലും ഇടതുമുന്നണിയുടെ താര പ്രചാരകന് മുഖ്യമന്ത്രി പിണറായി വിജയനാണ്. മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗങ്ങളിലെ ആള്‍ക്കൂട്ടമാണ് ഇതിനു തെളിവായി സി പി ഐ എം കേന്ദ്രങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നത്.