റിയാദ് : യൂണിയൻ ഗവൺമെന്റിന്റെ ആദ്യ ബജറ്റ് അവതരണം നിലനിൽപ്പിനായുള്ള ബജറ്റ് പ്രഖ്യാപനമായി മാറിയെന്ന് ഒഐസിസി റിയാദ്. എൻഡിഎ സർക്കാറിനെ താങ്ങി നിർത്തുന്ന സംസ്ഥാന നേതാക്കളുടെ സംസ്ഥാനത്ത് മാത്രമായി പദ്ധതികൾ ചുരുക്കപ്പെട്ടത് അതിന്റെ തെളിവാണ്. ഇന്ത്യാ മുന്നണി ഭരണത്തിലുള്ള സംസ്ഥാനങ്ങളെ പാടെ തഴഞ്ഞത് ഈ കാര്യം വ്യക്തമാക്കുന്നു.
രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന പ്രവാസികൾക്ക് വേണ്ടി പതിവ് പോലെ തന്നെ യാതൊരുവിധ പദ്ധതികളും ഈ ബജറ്റിലും ഉൾപ്പെടുത്തിയിട്ടില്ല. കാര്‍ഷിക, തൊഴില്‍, തീരദേശ മേഖലകള്‍ ഉള്‍പ്പെടെ കേരളത്തെ പൂര്‍ണമായും അവഗണിച്ചു. ദുരന്തനിവാരണ പാക്കേജില്‍ കേരളത്തിന്റെ പേരേയില്ല. എയിംസ് സംബന്ധിച്ച് തെരഞ്ഞെടുപ്പു കാലത്ത് നല്‍കിയ വാഗ്ദാനവും പാലിച്ചില്ല. കോൺഗ്രസ് സർക്കാർ നടപ്പിലാക്കിയ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം കാലാനുസൃതമായി വര്‍ധിപ്പിക്കാത്തതും കേരളത്തിനോട് ബിജെപിയുടെ ഇരട്ടത്താപ്പ് വ്യക്തമാകുന്നതായും ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി കുറ്റപ്പെടുത്തി.