തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് കേരളത്തിലെ ആശുപത്രികളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്കിയ നടന് മോഹന്‍ലാലിന് നന്ദി പറഞ്ഞ് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിലാണ് അവര്‍ നന്ദി പറഞ്ഞത്. പിറന്നാള്‍ ദിനത്തിലായിരുന്നു മോഹന്‍ലാല്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയത്.
ഓക്സിജന്‍ കിടക്കകള്‍, വെന്റിലേറ്റര്‍, ഐസിയു കിടക്കകള്‍, എക്സ്-റേ മെഷീനുകള്‍ എന്നിവയുള്‍പ്പെടെയാണ് സംഭവനയായി നല്‍കിയത്. കളമശ്ശേരി മെഡിക്കല്‍ കോളജിലെ വാര്‍ഡുകളിലേക്ക് ആവശ്യമായ ഓക്സിജന്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള സഹായവും അദ്ദേഹം നല്‍കിയെന്ന് മന്ത്രി കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണ രൂപം
കോവിഡ് പ്രതിരോധത്തിന് കേരളത്തിലെ ആശുപത്രികളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്കിയ മലയാളത്തിന്റെ പ്രിയ നടന് മോഹന്‍ലാലിന് ഹൃദയം നിറഞ്ഞ നന്ദി. പിറന്നാള്‍ ദിനത്തില്‍ ഒന്നരക്കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങളാണ് മോഹന്‍ലാല്‍ തന്നത്.
ഓക്സിജന്‍ കിടക്കകള്‍, വെന്റിലേറ്റര്‍, ഐസിയു കിടക്കകള്‍, എക്സ്-റേ മെഷീനുകള്‍ എന്നിവയുള്‍പ്പെടെയാണ് സംഭവനയായി ലഭിച്ചിരിക്കുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളിലേക്ക് ആവശ്യമായ ഓക്സിജന്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള സഹായവും നല്കി.
ഇന്ന് രാവിലെ ഫോണില്‍ വിളിച്ച്, ആരോഗ്യമന്ത്രിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തതില്‍ മോഹന്‍ ലാല്‍ ആശംസകള്‍ അറിയിച്ചു. കോവിഡ് പ്രതിരോധത്തിന് ഉള്‍പ്പെടെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. മഹാമാരിയെ നേരിടുന്ന ഘട്ടത്തില്‍ അദ്ദേഹം നല്കിയ പിന്തുണയ്ക്ക് നന്ദി പറയുന്നു.