മലയാളത്തിന്റെ സ്വന്തം താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. മലയാള സിനിമയുടെ നെടും തൂണുകള്‍ എന്നാണ് ഇവരെ വിശേഷിപ്പിക്കാറുള്ളതും.ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലായി മാറാറുണ്ട്. മലയാളത്തിലെ ഏറ്റവും താര രാജാക്കൻമാരായ ഇരുവരുടെയും സൗഹൃദത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഒരേ കാലഘട്ടത്തില്‍ താരങ്ങളായി മാറിയവരാണ് മോഹൻലാലും മമ്മൂട്ടിയും.
തുടക്ക കാലം മുതല്‍ പരസ്പരം താങ്ങായി ഇരുവരും മുന്നോട്ട് പോയി. സിനിമയ്ക്കപ്പുറമാണ് തങ്ങളുടെ സൗഹൃദമെന്ന് ഇവർ നേരത്തെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ശബരിമല ദർശനത്തിനെത്തിയ നടൻ മോഹൻലാല്‍ മമ്മൂട്ടിയുടെ പേരില്‍ ഉഷപൂജ നടത്തിയിരിക്കുകയാണ്. മുഹമ്മദ് കുട്ടി വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹൻലാല്‍ വഴിപാട് നടത്തിയത്. കഴിഞ്ഞ ദിവസം വെെകുന്നേരത്തോടെയാണ് മോഹൻലാല്‍ ശബരിമലയില്‍ എത്തിയത്.
പമ്പയില്‍ നിന്ന് ഇരുമുടി കെട്ടിയാണ് മോഹൻലാല്‍ സന്നിധാനത്ത് എത്തിയത്. തന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ബുധനാഴ്ച രാവിലെ നിർമാല്യം തൊഴുത് മലയിറങ്ങും. ഭാര്യ സുചിത്രയുടെ പേരിലും മോഹൻലാല്‍ വഴിപാട് അർപ്പിച്ചിട്ടുണ്ട്. പുതിയ ചിത്രം എമ്പുരാൻ റിലീസിനടുത്തിരിക്കെയാണ് മോഹൻലാല്‍ ശബരിമല ദർശനം നടത്തിയത്. മമ്മൂട്ടിക്കുള്ള വഴിപാടിന്റെ രസീത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് ഇരുവരുടെയും സൗഹൃദത്തെ പ്രശംസിക്കുന്നത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മമ്മൂട്ടിയ്ക്ക് കുടലില്‍ അർബുദം സ്ഥിരീകിരിച്ചെന്ന തരത്തിലുള്ള വാർത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ 73 കാരനായ നടൻ കാൻസർ ചികിത്സയ്ക്ക് വേണ്ടി ഷൂട്ടിംഗില്‍ നിന്നും മാറി നില്‍ക്കുകയാണെന്നും താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അദ്ദേഹത്തന്റെ അടുത്ത് മക്കളായ സുറുമിയും ദുല്‍ഖർ സല്‍മാനും ഉണ്ടെന്നുമാണ് പ്രചരിച്ചിരുന്നത്. പിന്നാലെ മമ്മൂട്ടിയുടെ പിആർ ടീം രംഗത്തെത്തിയിരുന്നു.
നിലവില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ തെറ്റാണെന്നും മമ്മൂട്ടിക്ക് കാൻസറില്ലെന്നും ഇവർ വ്യക്തമാക്കുന്നു. അത് വ്യാജ വാർത്തയാണ്. റമദാനില്‍ നോമ്പുള്ളതിനാല്‍ ഇപ്പോള്‍ വെക്കേഷനിലാണ് അദ്ദേഹം. ഷൂട്ടിംഗുകളില്‍ നിന്നും മാറി നില്‍ക്കുന്നു. ബ്രേക്ക് കഴിഞ്ഞ് മോഹൻലാലിനൊപ്പമുള്ള മഹേഷ് നാരായണന്റെ സിനിമയുടെ ഷൂട്ടിംഗിന് തിരിച്ചെത്തും എന്നാണ് മമ്മൂട്ടിയുടെ പിആർ ടീം പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് മോഹൻലാല്‍ മമ്മൂട്ടിയ്ക്ക് വഴിപാട് നടത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
ഒട്ടനവധി തവണ ഇരുവരുടെയും സിനികള്‍ ബോക്സ് ഓഫീസില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ഫാൻ ഫെെറ്റുകള്‍ ഇപ്പോഴും നടക്കുന്നു, കരിയറില്‍ ഒരാള്‍ക്കല്ലെങ്കില്‍ മറ്റൊരാള്‍ക്ക് ഉയർച്ച താഴ്ചകള്‍ വന്നും പോയുമിരിക്കുന്നു. എന്നാല്‍ ഇതൊന്നും മോഹൻലാല്‍-മമ്മൂട്ടി സൗഹൃദത്തെ ബാധിച്ചില്ല.