കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യക്തിപരമായും കുടുംബത്തിനും നേരെയുമുണ്ടായ അപവാദ പ്രചാരണങ്ങളില്‍ പ്രതികരിച്ച് നിയുക്ത മന്ത്രി മുഹമ്മദ് റിയാസ്. ജീവനുള്ള മനുഷ്യന്റെ പച്ചമാംസം കടിച്ചു പറിക്കുമ്പോള്‍ വേദനിക്കുന്ന തരത്തിലാണ് തനിക്ക് നേരെ പ്രചാരണമുണ്ടായത്. ഒരു സ്ത്രീയെ എങ്ങനെയൊക്കെ ആക്രമിക്കാമോ അങ്ങനെയൊക്കെ എന്റെ ഭാര്യ വീണയെ അക്രമിച്ചു. പൊട്ടിത്തെറിക്കാതെയും പൊട്ടിക്കരയാതെയും ആരോപണങ്ങളെ നേരിടാന്‍ വീണയ്ക്ക് അറിയാമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
‘എന്തൊക്കെ പ്രചരണങ്ങള്‍ ആയിരുന്നു നിയമസഭ തിരഞ്ഞെടുപ്പില്‍ എനിക്ക് നേരെ ഉണ്ടായത്. നമ്മളൊക്കെ എങ്ങനെയാണ് പൊതുപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിച്ചതെന്നും എന്താണ് രാഷ്ട്രീയ ചരിത്രമെന്നെല്ലാം ജനങ്ങള്‍ക്കറിയാം. എല്ലാ ആരോപണങ്ങള്‍ക്കും മെയ് രണ്ടിന് ജനം മറുപടി പറയട്ടെ എന്നാണ് ഞാന്‍ കരുതിയത്.’റിയാസ് പറഞ്ഞു.
വിവാഹത്തിന് ശേഷവും ഞാന്‍ രാഷ്ട്രീയ രംഗത്തുണ്ടായിരുന്നു. വ്യക്തിപരമായി ഭരണതലത്തില്‍ ഞാന്‍ ഇടപെട്ടിരുന്നുവെങ്കില്‍ എന്തൊക്കെ വിവാദമുണ്ടാകുമെന്ന് നിങ്ങള്‍ക്കറിയാം. എന്റെ പിതാവ് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. അതിനാല്‍ തന്നെ കുട്ടിക്കാലം തൊട്ടെ ഉത്തരവാദിത്തമുള്ള ഒരു ജീവിതമാണ് ഞാന്‍ നയിച്ചു വന്നത്.
വ്യക്തിപരമായി എനിക്ക് നേരെയുണ്ടാവുന്ന ആരോപണങ്ങള്‍ കുടുംബത്തെ വേദനിപ്പിച്ചിട്ടുണ്ട്. എന്റെ രണ്ട് മക്കളും കൂട്ടുകാരെ പോലെ എനിക്കൊപ്പമുണ്ട്. അവരെന്റെ കൂടെയുണ്ടാവും. അല്ലെങ്കില്‍ എല്ലാ ദിവസവും അവരെ വിളിക്കും. അങ്ങനെയുള്ള മക്കളുമായി എനിക്ക് യാതൊരു ബന്ധവുമില്ലെന്ന തരത്തില്‍ ആരോപണങ്ങള്‍ വരെ വന്നുവെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.