തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ ജൂണ്‍ ഒന്നിന് തന്നെ കാലവര്‍ഷം എത്തുമെന്ന് കേന്ദ്ര ഭൗമ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട സൂചനകള്‍ ലഭിച്ചു കഴിഞ്ഞു. ആദ്യ സൂചനകളാണ് ലഭിച്ചിരിക്കുന്നതെന്നും ഭൗമ മന്ത്രാലയം അറിയിച്ചു.
തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂണ്‍ ഒന്നിന് തന്നെ കേരളത്തില്‍ എത്തും. വ്യാഴാഴ്ച പുറത്തിറക്കിയ കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ രണ്ടാം ഘട്ട പ്രവചനമായ എക്‌സറ്റന്‍ഡഡ് റേഞ്ച് ഫോര്‍കാസ്റ്റിലാണ് (ഇആര്‍എഫ്) പ്രവചനം. മേയ് 15ന് കാലാവസ്ഥാ വകുപ്പിന്റെ മൂന്നാം ഘട്ട പ്രവചനം ‘ലോംഗ് റേഞ്ച് ഫോര്‍കാസ്റ്റ്’ (എല്‍ആര്‍എഫ്) പ്രസിദ്ധീകരിക്കും.
കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കുറി സാധാരണ രീതിയിലാകും കാലവര്‍ഷം ലഭിക്കുകയെന്ന് ഭൗമ മന്ത്രാലയ സെക്രട്ടറി എം.രാജീവന്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷവും കേരളത്തില്‍ ശരാശരിയില്‍ അധികം മഴ ലഭിച്ചിരുന്നു. നിലവില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേനല്‍ മഴയും ലഭിക്കുന്നുണ്ട്. ഞായറാഴ്ച വരെ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.