സാമൂഹ്യ മാധ്യമങ്ങള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തം നല്‍കുന്ന നിയമനിര്‍മാണവുമായി കേന്ദ്രം
ന്യൂഡല്‍ഹി: ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ വകുപ്പുകളില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്ര ഇലക്‌ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം. സോഷ്യല്‍ മീഡിയ സേവനങ്ങളെയും നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം വീഡിയോ പോലുള്ള വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലെയും ഉള്ളടക്കവുമായി ബന്ധപ്പെട്ടാണ് മാറ്റം വരുത്തുന്നത്. ഉള്ളടക്കങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തം നല്‍കുന്ന തരത്തിലാണ് നിയമനിര്‍മാണം. ഇക്കാര്യത്തില്‍ ഒരു തീരുമാനം അന്തിമമാക്കിയിട്ടുണ്ടെന്നും അടുത്തയാഴ്ച തന്നെ സര്‍ക്കാര്‍ ഇത് പ്രഖ്യാപിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.
സോഷ്യല്‍ മീഡിയ സേവനങ്ങളെ സര്‍ക്കാരിന്റെ നിര്‍ദേശങ്ങളോടും നിയമ നിര്‍വഹണ ഏജന്‍സികളോടും പ്രതികരിക്കാന്‍ ബാധ്യസ്ഥരാക്കുന്ന തരത്തില്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ഫെബ്രുവരി 12 ന് ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് രാജ്യസഭയെ അറിയിച്ചിരുന്നു. ഓണ്‍ലൈന്‍ കമ്ബനികളെ അവരുടെ പ്ലാറ്റ്‌ഫോമുകളില്‍ നിയമവിരുദ്ധമായ ഉള്ളടക്കം പങ്കിടുന്നത് ‘മുന്‍കൂട്ടി കണ്ടെത്താനും തടയാനും’ ഐടി നിയമത്തിലെ സെക്ഷന്‍ 79 ഭേദഗതി ചെയ്യുകയാണ് പ്രധാന മാറ്റങ്ങളിലൊന്ന്.
സോഷ്യല്‍ മീഡിയ കമ്ബനികളുടെ നിയന്ത്രണത്തിലുള്ള ഉള്ളടക്കങ്ങള്‍ നിയമവിരുദ്ധമാണെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുകയും അത് നീക്കുന്നതില്‍ കമ്ബനികള്‍ പരാജയപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ പരിരക്ഷ അവര്‍ക്ക് ലഭിക്കില്ലെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.
നിയമ വിരുദ്ധമായ ഉള്ളടക്കം നീക്കാനുള്ള സര്‍ക്കാര്‍ ഏജന്‍സിയുടെയോ കോടതിയുടെയോ നിര്‍ദേശം 24 മണിക്കൂറിനകം നടപ്പിലാക്കാന്‍ സോഷ്യല്‍ മീഡിയ, ഒടിടി സേവന ദാതാക്കളെ ബാധ്യസ്ഥരാക്കുന്ന തരത്തിലും നിയമ വ്യവസ്ഥയില്‍ മാറ്റം വരും. സര്‍ക്കാരും ട്വിറ്ററും തമ്മിലുള്ള തര്‍ക്കത്തിന്റെ സാഹചര്യത്തിലാണ് ഐടി നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത്. ആദ്യഘട്ടത്തില്‍ ഈ പ്ലാറ്റ്‌ഫോമുകളെല്ലാം മേല്‍നോട്ടം വഹിക്കുന്നതിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും ട്രായ് പോലുള്ള ഏജന്‍സിയെ നോക്കാനാണ് ആലോചിക്കുന്നത്.