താമരശ്ശേരി: വെട്ടൊഴിഞ്ഞ തോട്ടത്തിനു സമീപം ആര്യംകുളം കരിഞ്ചോലയിയിൽ നിന്നും വീട്ടിൽ സൂക്ഷിച്ച 2.100കിലോ ഗ്രാം കഞ്ചാവ് പോലീസ് പിടികൂടി. ഇവിടെ മൂന്നു മാസമായി കുടുംബ സമേതം ഇവിടെ വാടകക്ക് താമസിക്കുകയായിരുന്ന അബദുൽ അലി എന്ന നീഗ്രോ അലിയുടെ വീട്ടിലെ സ്റ്റോർ റൂമിൽ സഞ്ചിയിലും, കവറിലും സൂക്ഷിച്ചു വെച്ച കഞ്ചാവും, ത്രാസുമാണ് പിടികൂടിയത്. മയക്കുമരുന്ന് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് കണ്ണൂർ സെട്രൽ ജയിലിലായിരുന്ന പ്രതി ഏതാനും മാസം മുമ്പാണ് പുറത്തിറങ്ങിയത്.
വീട്ടിൽ രാത്രി സമയങ്ങളിൽ ധാരാളം ആളുകൾ വന്ന് പോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ നൽകിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് കണ്ടെത്തിയത്.പരിശോധന സമയത്ത് പ്രതിയുടെ ഭാര്യയും കുട്ടികളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.പോലീസ് കേസെടുത്ത് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
താമരശ്ശേരി എസ്.ഐമാരായ ശ്രീജേഷ്, മുരളീധരൻ, എ എസ് ഐ ജയപ്രകാശ്, സീനിയർ സി പി ഒ സൂരജ്, സി പി ഒ രജീഷ് തുടങ്ങിയവർ ചേർന്നാണ് പരിശോധന നടത്തിയത്.
അടുത്ത ദിവസങ്ങളിലായി താമരശ്ശേരി പോലിസ് സ്റ്റേഷൻ പരിധിയിൽ നിന്നും വ്യാപകമായി നിരോധിത പുകയില ഉൽപ്പന്നങ്ങളും, വാഷും, വാറ്റുപകരണങ്ങളും, അനധികൃതമായി വിൽപ്പനക്കെത്തിച്ച മദ്യവും, കഞ്ചാവും, മറ്റു ലഹരി വസ്തുക്കളും പിടികൂടിയിരുന്നു. വരും ദിവസങ്ങളിലും ലഹരി മാഫിയകൾക്കെതിരെ കൂടുതൽ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്ന് അധികൃതർ പറഞ്ഞു.