തിരുവനന്തപുരം; മുരിങ്ങയിലയില്‍ നിന്നു തയ്യാറാക്കിയ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളായ മുരിങ്ങ പൗഡറും മുരിങ്ങ റൈസ് പൗഡറും മുരിങ്ങ സൂപ്പ് പൗഡറും ഇന്ന് കടല്‍ കടക്കും.
തൃശൂരിലെ ഒല്ലൂര്‍ കൃഷി സമൃദ്ധി ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്ബനിയുടെ നേതൃത്വത്തിലാണ് മുരിങ്ങയിലയില്‍ നിന്നുള്ള മൂന്ന് ഉത്പന്നങ്ങള്‍ തയ്യാറാക്കിയത്.
നാച്യുര്‍പ്രോ ഫുഡ് സ്റ്റഫ് ട്രേഡിംഗ് കമ്ബനിയാണ് ഉത്പന്നങ്ങള്‍ യു.എ.ഇ മാര്‍ക്കറ്റില്‍ മൂന്ന് മാസം വിപണനം ചെയ്യുക. കുടുംബശ്രീ സംരംഭങ്ങളുടെയും ഒല്ലൂര്‍ കൃഷി സമൃദ്ധി കര്‍ഷക സംഘ ഗ്രൂപ്പുകളുടെയും സഹകരണത്തോടെയാണ് ഉത്പന്നങ്ങള്‍ തയ്യാറാക്കുന്നത്. ഒല്ലൂരിലെ പാണഞ്ചേരി, പുത്തൂര്‍, നടത്തറ, മാടക്കത്തറ പഞ്ചായത്തുകളില്‍ കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകള്‍ വഴി 10,000 മുരിങ്ങ തൈകള്‍ വിതരണം ചെയ്തിരുന്നു. ജെ.എല്‍.ജി ഗ്രൂപ്പുകളും മറ്റ് കര്‍ഷകരും നട്ടുവളര്‍ത്തിയ മുരിങ്ങയില കിലോയ്ക്ക് 30 രൂപ നല്‍കി സംഭരിച്ചാണ് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ തയ്യാറാക്കിയത്. മുരിങ്ങകൃഷിയുടെ മൂല്യവര്‍ദ്ധന രീതികളെക്കുറിച്ച് കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ വഴി പരിശീലനം നല്‍കിയിരുന്നു.
മരോട്ടിച്ചാല്‍ അമൃത കിരണം സ്വയം സഹായ സംഘമാണ് മുരിങ്ങയിലപ്പൊടി, മുരിങ്ങ അരിപ്പൊടി, മുരിങ്ങ സൂപ്പ് പൊടി എന്നീ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നത്. ഇതിന് പുറമെ മുരിങ്ങയില ഉപയോഗിച്ച് രസം പൗഡര്‍, ചമ്മന്തിപ്പൊടി, ചൂര്‍ണം, പായസം മിക്സ് എന്നിവയും കയറ്റുമതിക്ക് തയ്യാറാക്കുന്നുണ്ട്.