മൊറോക്കോയിൽ നാല് ദിവസമായി കിണറ്റിൽ കുടുങ്ങിയ 5 വയസുകാരൻ മരിച്ചു. ആഗോള ശ്രദ്ധയാകർഷിച്ച നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ശനിയാഴ്ച രാത്രിയാണ് കുട്ടിയെ പുറത്തെടുത്തത്. മരണത്തിൽ മൊറോക്കൻ രാജാവ് മുഹമ്മദ് ആറാമൻ അനുശോചനം രേഖപ്പെടുത്തി.
നാല് ദിവസം മുൻപാണ് കുഴല്‍കിണറിന്റെ 104 അടി താഴേക്ക് വീണ റയാൻ എന്ന അഞ്ചു വയസുകാരനെ കുറിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
മൊറോക്കോയിലെ പർവതപ്രദേശമായ വടക്കൻ ചെഫ്ചൗവൻ പ്രവിശ്യയിലെ ഇഗ്രാൻ ഗ്രാമത്തിൽ തന്റെ വീടിന് പുറത്തെ 32 മീറ്റർ (105 അടി) ആഴമുള്ള കിണറ്റിലാണ് ചൊവ്വാഴ്ച വൈകുന്നേരം റയാൻ വീണത്. മൂന്ന് ദിവസത്തോളം തെരച്ചിൽ സംഘങ്ങൾ ബുൾഡോസർ ഉപയോഗിച്ച് സമാന്തര കിടങ്ങ് കുഴിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. ടോപ്പോഗ്രാഫിക്കൽ എഞ്ചിനീയറിംഗിലെ വിദഗ്ധരെ സഹായത്തിനായി വിളിച്ചതായി മൊറോക്കോയുടെ MAP വാർത്താ ഏജൻസി അറിയിച്ചു.
റയാൻ എന്ന അഞ്ചു വയസുകാരനെ രക്ഷപെടുത്താൻ അന്ന് രാത്രി മുതൽ ആ നാടും നാട്ടുകാരും ഒറ്റക്കെട്ടായി പരിശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.
റയാന് വീടിനടുത്ത് കളിക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു. കുട്ടിയുടെ ഉച്ചത്തിലുള്ള കരച്ചില് കേട്ടാണ് റയാന് കിണറ്റില്‍ വീണ വിവരം കുട്ടിയുടെ മാതാപിതാക്കള്‍ അറിയുന്നത്. ഉടന്‍ തന്നെ കുട്ടിയുടെ അമ്മ രക്ഷാപ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു.
റയാൻ ജീവിച്ചിരിപ്പുണ്ടോ എന്ന് ആദ്യദിവസങ്ങളിൽ ഒരു രക്ഷാപ്രവർത്തകനും ഉറപ്പുണ്ടായിരുന്നില്ല .”ഇപ്പോൾ കുട്ടിയുടെ അവസ്ഥ നിർണ്ണയിക്കാൻ കഴിയില്ല. എന്നാൽ കുട്ടി ജീവിച്ചിരിപ്പുണ്ടെന്ന് ഞങ്ങൾ ദൈവത്തിൽ പ്രതീക്ഷിക്കുന്നു,” എന്നാണ് രക്ഷാപ്രവർത്തകർ മാധ്യമങ്ങളോട് പ്രതികരിച്ചത്.
പിന്നീട് കിണറ്റിലേക്ക് താഴ്ത്തിയ ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങളിൽ കുഞ്ഞ് റയാന്റെ തലയ്ക്ക് ചില ചെറിയ പരിക്കുകൾ ഉണ്ടെങ്കിലും കുട്ടി ജീവിച്ചിരിപ്പുണ്ടെന്നും ബോധാവസ്ഥയിലാണെന്നും വാർത്തകൾ പുറത്ത് വന്നു.
രക്ഷാപ്രവർത്തകർ ഓക്സിജൻ മാസ്കും ഭക്ഷണവും വെള്ളവും കിണറ്റിലേക്ക് ഇറക്കിയെങ്കിലും റയാൻ ഇത് ഉപയോഗിക്കാൻ കഴിഞ്ഞോ എന്ന് വ്യക്തമായില്ല. റയാന് കഴിയുന്ന ഭാഗം മനസിലാക്കി കിണറിന് പുറത്ത് സമാന കുഴിയുണ്ടാക്കിയാണ് കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നത്.
അപകടസമയത്ത് റയാന്റെ പിതാവ് കിണർ നന്നാക്കുകയായിരുന്നു.അച്ഛന്റെ ശ്രദ്ധ മാറിയ സമയത്താണ് റയാൻ കിണറിനുള്ളിലേക്ക് വീണത്. “ആ ഒരു നിമിഷത്തിൽ ഞാൻ എന്റെ കണ്ണുകൾ അവനിൽ നിന്ന് മാറ്റി, അവൻ കിണറ്റിലേക്ക് വീണു”. ഒരച്ഛന്റെ എല്ലാ നിസ്സഹായതയും മാധ്യമങ്ങളിലൂടെ ലോകം കേട്ട അദ്ദേഹത്തിന്റെ വാക്കുകളിൽ ഉണ്ടായിരുന്നു.
അവൻ ജീവനോടെ തിരികെ വരും എന്ന് കണ്ണീരോടെ കാത്തിരിക്കുകയായിരുന്നു റയാന്റെ അമ്മ. ഇവരെ ഒരു നാട് തന്നെ ചേർത്ത് പിടിച്ചു. ഒട്ടേറെപ്പേർ സഹായവും ആശ്വാസവുമായി നേരിട്ടെത്തി . അൽജീരിയ, സൗദി അറേബ്യ, ജോർദാൻ എന്നീ രാജ്യങ്ങളിൽ നിന്ന് ആയിരക്കണക്കിനാളുകളാണ് സമൂഹമാധ്യമങ്ങളിലൂടെ റെയാനുവേണ്ടി പ്രാർത്ഥിച്ചത്. സോഷ്യൽ മീഡിയയിൽ ‘സേവ് റെയാൻ’ എന്ന ഹാഷ് ടാഗിൽ ക്യാംപെയ്ൻ തന്നെയുണ്ട്.
കുട്ടിയെ ചികിത്സിക്കാൻ മെഡിക്കൽ സംഘവും പെട്ടെന്ന് ആശുപത്രിയിലെത്തിക്കാൻ ഒരു ഹെലികോപ്റ്ററും എത്തിയിട്ടുണ്ടായിരുന്നു മണ്ണിടിച്ചിൽ രക്ഷാപ്രവർത്തനം സങ്കീർണമാക്കി. ബുൾഡൊസറുകൾ ഉപയോഗിച്ചുള്ള സമാന്തര കുഴി നിർമ്മാണം രക്ഷാപ്രവർത്തനം ഫലം കാണുമെന്ന പ്രതീക്ഷയാണ് നൽകിയിരുന്നത്.