തിരുവനന്തപുരം: വര്‍ക്കല സ്വദേശിയായ വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ബന്ധുവായ ഡോക്ടറും സീരിയല്‍ നടനും ഉള്‍പ്പെടെ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നിരന്തരം വീട്ടമ്മയെ ഭീഷണിപ്പെടുത്തുകയും കുടുംബജീവിതം തകര്‍ക്കുന്നതിനായി വ്യാജ പേരുകളില്‍ നിന്നും കത്തുകള്‍ അയച്ചു ശല്യം ചെയ്യുകയും ചെയ്തുവെന്ന പരാതിയിലാണ് അറസ്റ്റ്. മെഡിക്കല്‍ കോളജ് ദന്തവിഭാഗത്തില്‍ ജോലിചെയ്യുന്ന ഡോ.സുബു, സീരിയല്‍ നടന്‍ ജസ്മീര്‍ ഖാന്‍, മൊബൈല്‍ കടയുടമ ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്.
ഒന്നാം പ്രതിയായ ഡോ.സുബുവിന്റെ ബന്ധുവാണ് യുവതി. നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച് കുടുംബജീവിതം തകര്‍ത്ത് യുവതിയെ സ്വന്തമാക്കുകയായിരുന്നു സുബുവിന്റെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. പരാതി ലഭിച്ച് രണ്ടു ദിവസത്തിനുള്ളില്‍ എ സി പി പ്രതാപ ചന്ദ്രന്‍ നായരുടെ നിര്‍ദേശപ്രകാരം ഫോര്‍ട്ട് പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ രാകേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്