മാതൃത്വത്തേയും മാതാവിനേയും പ്രകീർത്തിക്കുന്ന ദിവസമാണ് മാതൃദിനം. ലോകത്തിലെ പലഭാഗങ്ങളിലും മാതൃദിനം പല ദിവസങ്ങളിലായാണ് ആഘോഷിച്ചു വരുന്നത്. എങ്കിലും മേയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച ആണ് അമേരിക്കയും ഇന്ത്യയും ഉൾപ്പെടെ പല രാജ്യങ്ങളിലും മാതൃദിനം.
ഓരോരുത്തരെയും അവരുടെ വേരുകളുമായി ബന്ധിപ്പിക്കുന്ന ഒരു വാക്കാണ് അമ്മ, നിരുപാധികമായ സ്നേഹത്തിന്റെ പര്യായം. എത്ര തിരക്കാണെങ്കിലും ദിവസത്തില്‍ ഒരു തവണയെങ്കിലും അമ്മയെ ഓര്‍ക്കാത്തവര്‍ ഉണ്ടാകില്ല. വഴക്കിടുമ്പോഴും, മിണ്ടാതിരിക്കുമ്പോഴും ഉള്ളില്‍ അമ്മയോട് സ്‌നേഹം സൂക്ഷിക്കുന്നവര്‍ തന്നെയാകും നമ്മളെല്ലാം.
ജീവന്റെ പാതിയായ അമ്മമാര്‍ക്ക് വേണ്ടി ഒരു ദിവസം മാത്രം മാറ്റിവയ്ക്കുന്നത് മതിവരുമെന്ന് തോന്നുന്നുണ്ടോ? എപ്പോഴാണ് നിങ്ങള്‍ അവസാനമായി അമ്മയെ ഒന്നു കെട്ടിപ്പിടിച്ചത്? അമ്മയെ ഒരുപാട് സ്‌നേഹിക്കുന്നു എന്നു പറഞ്ഞത്? ഓരോ വര്‍ഷവും മാതൃദിനത്തിന് പ്രാധാന്യം ഏറിക്കൊണ്ടിരിക്കുകയാണ്.
മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച മാതൃദിനമായി ആദ്യം ആഘോഷിക്കാന്‍ തുടങ്ങിയത് അമേരിക്കക്കാർ ആണ്. 1905 ല്‍ അമ്മ മരിച്ചതിനെ തുടര്‍ന്ന് അന്ന റീവെസ് ജാര്‍വിസ് ആണ് മാതൃദിന പ്രചാരണത്തിന് തുടക്കമിട്ടത്. 1908 ല്‍ ഈ പ്രചാരണം ഫലം കണ്ടു.
വിര്‍ജീനിയയുടെ പടിഞ്ഞാറന്‍ പ്രദേശമായ ഗ്രാഫ്റ്റണിലെ സെന്റ് ആന്‍ഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയില്‍ അന്ന റീവെസ് ജാര്‍വിസ് സ്വന്തം അമ്മയുടെ ശവകുടീരത്തിന് മുകളില്‍ പുഷ്‌പങ്ങള്‍ അര്‍പ്പിച്ച് ഈ പ്രാര്‍ത്ഥനയ്ക്ക് തുടക്കം കുറിച്ചു. ഈ പള്ളിയാണ് ഇന്ന് രാജ്യാന്തര മാതൃദിന പള്ളിയെന്ന പദവി വഹിക്കുന്നത്.
മാതൃദിനത്തിൽ മാത്രമല്ല, ഏത് ദിവസമായാലും അമ്മയോട് ഉള്ള സ്‌നേഹവും കരുണയും അതേ നിലയില്‍ പങ്കുവയ്ക്കാന്‍ സാധിക്കണം. അതിന് ഒരു പ്രത്യേക ദിവസത്തിന്റെ ആവശ്യവുമില്ല. എല്ലാ ദിവസവും മാതൃദിനമായിരിക്കട്ടെ .
എല്ലാ വായനക്കാർക്കും മീഡിയ വിങ്സിന്റെ മാതൃദിനാശംസകൾ