ഇന്ത്യൻ രാഷ്ട്രീയ അവസ്ഥകൾ കേരളത്തിലേക്കും കൊണ്ടുവരാൻ ശ്രമിക്കുന്നത് തടയണം: ശശി തരൂർ

തിരുവനന്തപുരം: സമകാലിക ഇന്ത്യയിലെ രാഷ്ട്രീയ അവസ്ഥകൾ കേരളത്തിലേക്കും ചിലർ കൊണ്ടുവരാൻ ശ്രമിക്കുന്നത് തിരിച്ചറിയണമെന്ന് ശശി തരൂർ എം.പി പറഞ്ഞു. കലങ്ങി മറിയുന്ന ഇന്ത്യൻ രാഷ്ട്രീയത്തിൽ മത സൗഹാർദ്ദത്തിന് മാതൃകയാണ് കേരളം.

മാധ്യമ പ്രവർത്തകൻ അശ്റഫ് തൂണേരി സംവിധാനം നിർവ്വഹിച്ച വടക്കേ മലബാറിലെ മാപ്പിളത്തെയ്യത്തെ കുറിച്ചുള്ള ഡോക്യുമെന്ററി ‘മുക്രി വിത്ത് ചാമുണ്ഡി ദി സാഗാ ഓഫ് ഹാർമണി ഇൻ തെയ്യം ആർട്ട്’ നിയമസഭയിലെ ആർ. ശങ്കര നാരായണൻ തമ്പി മെംബേർസ് ലോഞ്ചിൽ നിയമസഭാ സ്പീക്കർ എ എൻ ശംസീറിനൊപ്പം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു തരൂർ.
സമകാലിക ഇന്ത്യയിൽ കേരളത്തെ കുറിച്ച് അപവാദം പറഞ്ഞു പ്രചരിപ്പിക്കുന്നവർക്ക് മുമ്പിൽ കാണിക്കാനുള്ള മറുപടിയാണ് ‘മുക്രി വിത്ത് ചാമുണ്ഡി’ എന്ന ഇംഗ്ലീഷ് ഡോക്യൂമെന്ററി. മതമൈത്രിയുടെ എക്കാലത്തേയും ഉദാഹരണങ്ങളാണ് ഡോക്യുമെന്ററിയിലൂടെ വരച്ചു കാണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തെ കുറിച്ച് കള്ള വാർത്തകൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയാ കാലത്ത് അതല്ല കേരളമെന്ന് ഇത്തരം ഡോകുമെന്ററികൾ തെളിവു നൽകുമെന്ന് സ്പീക്കർ എ എൻ ശംസീർ പറഞ്ഞു.

കേരള നിയമസഭയുടെ രണ്ടാമത് അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് നടന്ന ചടങ്ങിൽ മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ല അധ്യക്ഷത വഹിച്ചു. എം എൽ എമാരായ ടി. വി ഇബ്രാഹിം, കെ കെ രമ ആശംസകൾ നേർന്നു. യുവസംരഭകൻ ടി. പി ഹാരിസ്, സയ്യിദ് അശ്‌റഫ് തങ്ങൾ അതിഥികൾക്ക് ഉപഹാരം കൈമാറി. മജീദ് പുളിക്കൽ അവതാരാകനായിരുന്നു. പി. മുസ്തഫ പുളിക്കൽ സ്വാഗതവും അശ്റഫ് തൂണേരി നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news