മുല്ലപ്പെരിയാർ : ഒരു ഷട്ടറൊഴികെ ബാക്കിയെല്ലാം അടച്ചു

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ഒരു ഷട്ടറൊഴികെ ബാക്കിയെല്ലാ ഷട്ടറും തമിഴ്നാട് അടച്ചു. നിലവിൽ 141.95 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. മുന്നറിയിപ്പില്ലാതെ തുറക്കരുതെന്ന നിർദ്ദേശം അവഗണിച്ചാണ് കഴിഞ്ഞ ദിവസം രാത്രി തമിഴ്നാട് ഷട്ടറുകൾ തുറന്നത്.

അണക്കെട്ടിൽ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്‍റെ അളവ് രാത്രി പന്ത്രണ്ടോടെ കുറച്ചിരുന്നു. നേരത്തെ തുറന്ന മുല്ലപ്പെരിയാറിലെ നാലു ഷട്ടറുകൾ 12 മണിയോടെ അടയ്ക്കുകയും ചെയ്തിരുന്നു. ഇതോടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്‍റെ അളവ് 4000 ഘനയടി ആയി കുറഞ്ഞിരുന്നു.

നേരത്തെ രാത്രി ഒമ്പത് മണി മുതൽ സെക്കന്‍റിൽ പുറത്തേക്കൊഴുക്കുന്ന ഘനഅടി വെള്ളത്തിന്‍റെ അളവ് കൂട്ടിയിരുന്നു. ഏഴരമണി മുതൽ സെക്കന്‍റിൽ 3246 അടി വെള്ളമാണ് തുറന്നുവിട്ടിരുന്നത്. ഇതാണ് പിന്നീട് കൂട്ടിയത്. തുറന്നിരിക്കുന്ന അഞ്ച് ഷട്ടറുകൾ ഉയർത്തിയാണ് ഒമ്പത് മണിയോടെ പുറത്തേക്ക് ഒഴുക്കി വിടുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടിയത്.

ജലനിരപ്പും നീരൊഴുക്കും കുറഞ്ഞതിനെ തുടർന്ന് സ്പിൽ വേയിലെ ഒരു ഷട്ടർ ഒഴികെ ബാക്കി എല്ലാം അടക്കുകയും തമിഴ്നാട് കൊണ്ടു പോകുന്ന വെളളത്തിന്‍റെ അളവ് കുറക്കുകയും ചെയ്തിരുന്നു. ഇതാണ് ജലനിരപ്പ് ഉയരാൻ കാരണമായത്. നദിയിൽ ജലനിരപ്പ് കുറവായതിനാൽ വീടുകളിലേക്ക് വെള്ളം കയറാനുള്ള സാധ്യതയില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തൽ.

spot_img

Related Articles

Latest news