തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി വീണ എസ്. നായര്‍ക്കെതിരെ വി.കെ പ്രശാന്ത് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെ മുരളീധരന്. പുതുമുഖത്തെ കോണ്‍ഗ്രസ് നിര്‍ത്തിയാല്‍ ദുര്‍ബലയെന്നും സി.പി.എം നിര്‍ത്തിയാല്‍ പ്രബല എന്നും പറയുന്നത് എങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു. മീഡിയ വണ്ണിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്.
വട്ടിയൂര്‍ക്കാവില്‍ വീണ മത്സരിക്കുന്നത് ജയിക്കാനാണ്. വീണയെ കുറിച്ച് പ്രശാന്ത് നടത്തിയത് ചീപ്പ് പ്രതികരണമാണ്. പ്രശാന്തിനെ പോലുള്ള ഒരാള്‍ അത്തരം പ്രതികരണം നടത്താന്‍ പാടില്ലായിരുന്നുവെന്നും കെ. മുരളീധരന് പറഞ്ഞു.
കോണ്‍ഗ്രസ് പ്രചാരണ രംഗത്ത് സജീവമല്ലെന്നും ഇത് ബിജെപിക്ക് വോട്ടുമറിക്കാനാണ് എന്നുമായിരുന്നു പ്രശാന്തിന്റെ ആരോപണം. കോണ്‍ഗ്രസും ബിജെപിയും ഇക്കാര്യത്തില്‍ ധാരണയുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
പ്രശാന്ത് നേതാവായത് എങ്ങനെയെന്ന് ഓര്‍ക്കണമെന്ന് മുരളീധരന് പറഞ്ഞു. ആദ്യം മത്സരിക്കുമ്പോള്‍ പ്രശാന്തും പുതുമുഖമായിരുന്നു. മേയറാകുന്നത് വരെ പ്രശാന്തിനെ ആരെങ്കിലും അറിയുമായിരുന്നോ എന്നും മുരളീധരന് ചോദിച്ചു. ശുക്രന് ഉദിച്ചപ്പോള്‍ പ്രശാന്ത് മേയറായി. മേയര്‍ ബ്രോ എന്ന് പറഞ്ഞ് പിന്നീട് എം.എല്‍.എയായി. അതൊക്കെ അദ്ദേഹത്തിന് മെച്ചം കിട്ടിയ കാര്യമാണ്. തന്നെ പോലെ താന്‍ മാത്രം മതിയെന്ന നിലപാടാണിതെന്നും മുരളീധരന് വ്യക്തമാക്കി.
നിലവിലെ മേയര്‍ ആര്യ രാജേന്ദ്രനെ കുറിച്ച് കഴിഞ്ഞ രണ്ട് മാസം മുമ്പ് വരെ ആരെങ്കിലും കേട്ടിട്ടുണ്ടോ?. ഒരു ദുര്‍ബലയെ ആണ് മേയറാക്കിയതെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ല. ശശി തരൂര്‍ അടക്കമുള്ളവര്‍ ആര്യക്ക് ആശംസ നേര്‍ന്നിരുന്നു. അതാണ് കോണ്‍ഗ്രസിന്റെ സംസ്കാരം- മുരളീധരന് ചൂണ്ടിക്കാട്ടി.