നിങ്ങളുടെ പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ ഞങ്ങളുടെ കൈയിലാണെന്ന് കുമ്മനം; കൊടകരക്കുഴല്‍പ്പണക്കേസ് അപ്രത്യക്ഷമായെന്ന് മുരളീധരന്‍

കോഴിക്കോട്: കള്ളപ്പണ, സ്വര്‍ണക്കടത്തുകേസുകളില്‍ ജ്യൂഡിഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പര സഹായസംഘങ്ങളായാണ് പ്രവര്‍ത്തിക്കുന്നത്. അതു കൊണ്ട് മൂന്ന് കേസുകളിലും ജ്യൂഡിഷ്യല്‍ അന്വേഷണം നടത്തിയാല്‍ മാത്രമെ സത്യാവസ്ഥ പുറത്തുവരികയുള്ളു.

എന്ത് സ്വര്‍ണം കടത്തിയാലും കുറെ കിറ്റ് കൊടുത്താല്‍ തെരഞ്ഞെടുപ്പ് ജയിക്കാമെന്നാണ് സിപിഎമ്മിന്റെ വിചാരം. വോട്ട് ചെയ്തവരെ വഞ്ചിക്കുകയാണ് സിപിഎം ചെയ്തതെന്ന് മുരളീധരന്‍ പറഞ്ഞു.

ദിവസം 24 മണിക്കൂറും കോണ്‍ഗ്രസ് -ബിജെപി സഹകരണമെന്നാണ് സിപിഎം പറയാറ്. സത്യത്തില്‍ സിപിഎമ്മും ബിജെപിയും തമ്മിലാണ് കൂട്ട്. ഇപ്പോള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയെ വെല്ലുവിളിക്കുകയാണ്.

ഒരു ഘട്ടത്തില്‍ കെ സുരേന്ദ്രന്റെ മകനെ അറസ്റ്റ് ചെയ്യുമെന്ന് വരെ പറഞ്ഞിരുന്നു. അപ്പോഴാണ് കുമ്മനം പറഞ്ഞത് നിങ്ങളുടെ പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ ഞങ്ങളുടെ കൈയില്‍ ഉണ്ട്. ആ ഭീഷണിയ്ക്ക് പിന്നാലെ കൊടകരക്കുഴല്‍പ്പണക്കേസിനെ പറ്റി കേള്‍ക്കാനെ ഇല്ലെന്ന് മുരളീധരന്‍ പരിഹസിച്ചു.

സ്വര്‍ണക്കടത്തിനെ സംരക്ഷിക്കുന്ന നിലപാടിനെതിരെ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നേതൃത്വത്തില്‍ ശക്തമായ സമരമാണ് വേണ്ടത്. കോവിഡ് വ്യാപനമാണ് ഞങ്ങളെ തടഞ്ഞു നിര്‍ത്തിയത്. അത് അഴിമതിയ്ക്കുള്ള മറയായി കേരള സര്‍ക്കാര്‍ കാണുന്നു. ഇത് തേച്ച്‌ മായ്ക്കാന്‍ എത്ര ശ്രമിച്ചാലും യുഡിഎഫ് ശക്തമായി നേരിടുമെന്ന് മുരളീധരന്‍ പറഞ്ഞു.

രാഷ്ട്രീയ കാര്യസമിതിയെ കുറിച്ച്‌ പാര്‍ട്ടിയില്‍ തര്‍ക്കമില്ലെന്നും രാഷ്ട്രീയകാര്യസമിതി എടുത്ത തീരുമാനങ്ങളോട് പൂര്‍ണ്ണമായി യോജിക്കുന്നതായും മുരളീധരന്‍ പറഞ്ഞു. സുധാകരനുമായി ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും അത് പരിഹരിച്ചെന്നും മുരളീധരന്‍ പറഞ്ഞു.

spot_img

Related Articles

Latest news