ബംഗളൂരു: വിവാഹ സത്കാരത്തിനിടെ ഒരു കഷ്ണം ഇറച്ചി അധികമായി ചോദിച്ചതിന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കർണാടകയിലെ ബെലഗാവി ജില്ലയില്‍ ഇന്നലെയാണ് സംഭവം.യരഗാട്ടി താലൂക്ക് സ്വദേശി വിനോദ് മലഷെട്ടി (30) ആണ് കൊല്ലപ്പെട്ടത്.
സുഹൃത്ത് അഭിഷേക് കോപ്പഡിന്റെ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു വിനോദ്. അഭിഷേകിന്റെ ഫാമിലായിരുന്നു സത്കാരം ഒരുക്കിയിരുന്നത്. ആഹാരം കഴിക്കുന്നതിനിടെ ഇറച്ചിക്കറി വിളമ്പുകയായിരുന്ന വിട്ടാല്‍ ഹരുഗോപ്പിനോട് വിനോദ് ഒരു കഷ്ണം ഇറച്ചി കൂടി ചോദിച്ചു. കറി കുറച്ചാണ് നല്‍കിയതെന്നും വിനോദ് പരാതിപ്പെട്ടു. ഇത് പിന്നീട് തർക്കത്തില്‍ കലാശിച്ചു. പിന്നാലെ ഉള്ളി അരിയുകയായിരുന്ന കത്തി ഉപയോഗിച്ച് വിട്ടാല്‍ വിനോദിനെ കുത്തികൊലപ്പെടുത്തുകയായിരുന്നു. വിനോദ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. കൊലപാതകത്തില്‍ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.