വാഷിങ്ടൺ: മുസ്ലിം മതവിഭാഗത്തിനെതിരായ വിദ്വേഷ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിൽ വീഴ്ച്ച വരുത്തിയതിന് ഫേസ്ബുക്കിനെതിരെ പരാതി നൽകി വാഷിങ്ടൺ അടിസ്ഥാനമാക്കിയുള്ള പൗരാവകാശ സംഘടനയായ മുസ്ലിം അഡ്വക്കേറ്റ്സ്. സ്വന്തം മധ്യസ്ഥനയം നടപ്പിലാക്കുന്നതിൽ ഫേസ്ബുക്ക് പരാജയപ്പെട്ടെന്നും അത് പ്ലാറ്റ്ഫോമിൽ മുസ്ലിം വിരുദ്ധ പോസ്റ്റുകൾ അധികരിക്കുന്നതിലേക്ക് നയിച്ചെന്നും അമേരിക്കയിലെ മുസ്ലിംകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന അഭിഭാഷക സംഘം വ്യക്തമാക്കി.
വിദ്വേഷ പോസ്റ്റുകൾക്കെതിരായ സ്വന്തം നിയമങ്ങൾ ലംഘിക്കുന്ന ഉള്ളടക്കം നീക്കം ചെയ്യുന്നതിൽ ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വർക്ക് പരാജയപ്പെട്ടുവെന്ന് വ്യാഴാഴ്ച വാഷിങ്ടണിലെ സുപ്രീം കോടതിയിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു. ആ നയങ്ങൾ നടപ്പിലാക്കുമെന്ന് നിയമനിർമ്മാതാക്കൾക്കും മറ്റ് സർക്കാർ ഉദ്യോഗസ്ഥർക്കും ഉറപ്പ് നൽകിയിട്ടും ഫേസ്ബുക്ക് അത് ലംഘിച്ചെന്നും അഭിഭാഷക സംഘം ചൂണ്ടിക്കാട്ടി.