കോഴിക്കോട്: മുസ്‌ലിംലീഗിന്റെ വനിതാനേതാവ് നൂര്‍ബിന റഷീദ് വനിതാലീഗ് പദവിയില്‍ നിന്നും രാജിവെച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രതിഷേധിച്ചാണ് രാജിവെച്ചത്.പാര്‍ട്ടി നേതൃത്വത്തിനെതിരേ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിക്കുകയും ചെയ്തു. പാര്‍ട്ടിയില്‍ നിന്നും കടുത്ത അവഗണന നേരിട്ടെന്നും സീറ്റുകിട്ടാത്തതില്‍ അല്ല പ്രതിഷേധമെന്നും ഇനി പദവിയിലില്ല എന്നാല്‍ പാര്‍ട്ടിയില്‍ തുടരുമെന്നും പറഞ്ഞു.
ഫാത്തിമ തെഹ്ലിയയ്ക്ക് എതിരേ നൂര്‍ബിന രംഗത്ത് വന്നു. യുവവനിതാ നേതാക്കള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കിയതാണ് നൂര്‍ബിനയെ ചൊടിപ്പിച്ചിരിക്കുന്നത്. മുസ്‌ളീം ലീഗില്‍ ചേര്‍ന്നത് 2016 ലായിരുന്നു. പാര്‍ട്ടിയില്‍ നിന്നും ഒരു പൈസ പോലും വാങ്ങിയിട്ടില്ല. സമ്പാദിക്കാന്‍ വേണ്ടിയല്ല രാഷ്ട്രീയം. പ്രവര്‍ത്തനങ്ങള്‍ നടത്തിയത് സ്വന്തം പൈസ ഉപയോഗിച്ചും പ്രചരണത്തിന് പോയിരുന്നത്് സ്വന്തം കാറില്‍ സ്വയം ഡ്രൈവ് ചെയ്തുമാണെന്നും സ്ഥാനമാനങ്ങള്‍ ചോദിച്ച് വാങ്ങിയിട്ടില്ലെന്നും മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് പദവികള്‍ കിട്ടിയതെന്നും പറഞ്ഞു.
10 വര്‍ഷം കോഴിക്കോട് കൗണ്‍സിലറായിരുന്നു. രണ്ടുടേം കഴിഞ്ഞപ്പോള്‍ മാറിനിന്നു. കുടുബത്തിനൊപ്പമാണ് പൊതുപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിച്ചതെന്നും പറഞ്ഞു. പാര്‍ലമെന്ററി വ്യാമോഹവുമായി പാര്‍ട്ടിയിലേക്ക് വന്നയാളല്ല. 36 വര്‍ഷം നീണ്ട രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഏറെ കഷ്ടപ്പെട്ടാണ് വനിതാലീഗ് വളര്‍ത്തിയെടുത്തത്. പ്രവര്‍ത്തനപാരമ്പര്യം എണ്ണിയെണ്ണിപറഞ്ഞ നൂര്‍ബിന ഏല്‍പ്പിച്ച ദൗത്യം ഭംഗിയായി നിര്‍വ്വഹിച്ചെന്നും പറഞ്ഞു. റീലുകളിലൂടെയല്ല റീയല്‍ ലൈഫിലൂടെയാണ് തങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചെന്ന് നൂര്‍ബിന വ്യക്തമാക്കി.

