ലോക്ക്ഡൗൺ ഇളവിൽ പള്ളികൾ തുറക്കാൻ അനുവദിക്കാത്തതിനെതിരെ മുസ്ലിം സംഘടനകൾ രംഗത്ത്. വിവിധ സംഘടനകൾ ചേർന്ന് നൽകിയ നിവേദനം മുഖ്യമന്ത്രി തള്ളിയതിനെതിരെയാണ് പ്രതിഷേധം. സുന്നി മുജാഹിദ് ജമാഅത്തെ ഇസ്സാാമി തുടങ്ങിയ സംഘടനകളെല്ലാം പള്ളികൾ നിയന്ത്രണങ്ങളോടെ തുറക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധമറിയിച്ചു.
ഇ.കെ സുന്നി നേതാവ് നാസർ ഫൈസി കൂടത്തായി അടക്കമുള്ളവർ പ്രതിഷേധമറിയിച്ച് രംഗത്തെത്തി. വെള്ളിയാഴ്ചയിലെ ജുമഅ നമസ്കാരത്തിന് 40 പേരെ പങ്കെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കാന്തപുരം എപി അബൂബക്കർ മുസ്ലിയാരും മറ്റ് എപി സുന്നി നേതാക്കളും മുഖ്യമന്ത്രിക്ക് കത്തയച്ചു.
മറ്റു മേഖലകൾക്ക് ഇളവ് അനുവദിച്ചപ്പോ ആരാധനാലയങ്ങളെ അവഗണിച്ചുവെന്ന് ജമാഅത്തെ ഇസ്ലാമി അമീർ എം ഐ അബ്ദുൾ അസീസ് കുറ്റപ്പെടുത്തി. നിയന്ത്രണങ്ങളോടെയെങ്കിലും ആരാധനയ്ക്ക് അനുമതി നൽകാത്തത് ഖേദകരമാണെന്ന് കെ എൻ എം സംസ്ഥാന പ്രസിഡണ്ട് അബ്ദുള്ളക്കോട മദനി പറഞ്ഞു. ഇ.കെ സുന്നി വിഭാഗം നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധം കടുപ്പിക്കുകയാണ്.