പുണ്യ മാസമായ റംസാനിലെ ഏറ്റവും പവിത്രമെന്ന് കരുതുന്ന 27 ആം രാവിൽ വീടുകളെ പ്രാർത്ഥനാ നിബിഢമാക്കി ഇസ്ലാം മത വിശ്വാസികൾ. ഒരു കർമ്മത്തിന് ആയിരം മാസങ്ങളോളം കർമ്മം ചെയ്ത പ്രതിഫലം പരലോകത്ത് പ്രതീക്ഷിക്കുന്ന ഇസ്ലാം വിശ്വാസികൾ ഈ രാത്രിയെ ലൈലത്തുൽ ഖദർ എന്നാണ് പറയുന്നത്. റംസാനിലെ അവസാന പത്ത് ദിവസങ്ങളിൽ ഒറ്റപ്പെട്ട ദിനത്തിൽ ലൈലത്തുൽ ഖദർ പ്രതീക്ഷിക്കാമെങ്കിലും ഇരുപത്തി ഏഴാം രാവിലാണ് ഇതിന് കൂടുതൽ സാധ്യത എന്നാണ് പ്രമാണം.
ലോക്ക് ഡൗൺ കാരണം പള്ളികളിൽ അടഞ്ഞു കിടന്നതിനാൽ കഴിഞ്ഞ തവണത്തേത് പോലെ ഇത്തവണയും വിശ്വാസികൾ വീടുകളിൽ തന്നെയാണ് പുണ്യരാവിൽ പ്രാർത്ഥന നടത്തിയത്.
ലൈലത്തുൽ ഖദർ ഇസ്ലാമിക ചരിത്രം
റമദാനിലെ ഏത് ദിവസത്തിലാണ് ലൈലത്തുൽ ഖദ്‌ർ എന്ന് പ്രവാചകൻ കൃത്യമായി പറഞ്ഞു തന്നിട്ടില്ല. ഒരിക്കൽ പ്രവാചകൻ, എന്നാണ് ലൈലത്തുൽ ഖദ്റെന്ന് സ്വഹാബത്തിനെ പഠിപ്പിക്കാൻ തുനിഞ്ഞതായിരുന്നു. പക്ഷെ പിന്നീടാ അറിവ് മറയ്ക്കപ്പെടുകയും ഉയർത്തപ്പെടുകയുമാണുണ്ടായത്. റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളിലെ ഒറ്റയായി വരുന്ന രാവുകളിൽ (റമദാൻ 21,23,25,27,29) അതിനെ അന്വേഷിക്കുവാനാണ് പ്രവാചകൻ നിർദ്ദേശിച്ചിട്ടുള്ളത്. ഈ ദിവസം എന്നാണെന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. അവസാനത്തെ അഞ്ച് ദിവസങ്ങളിൽ അന്വേഷിക്കുക എന്ന് വന്നിട്ടുള്ള ഹദീസ് ഉദ്ധരിച്ച് 25, 27, 29 രാവുകളിലായിരിക്കുമെന്നും സ്വഹീഹ് മുസ്ലിമിൽ വന്നിട്ടുള്ള രണ്ടു ഹദീസുകളുടെ അടിസ്ഥാനത്തിൽ 21നാണെന്നും 23നാണെന്നും അഭിപ്രായങ്ങളുണ്ട്.
ഈ രാവിനെപ്പറ്റി പ്രവാചകൻ പറഞ്ഞ ചന്ദ്രന്റെ സവിശേഷതകൾ അടിസ്ഥാനമാക്കി റമദാൻ 27നാണെന്നും അഭിപ്രായങ്ങളുണ്ട്.