ദുബൈ: ദുബൈ കൊച്ചിന് എംപയര്‍ ലയണ്‍സ് ക്ലബ് യു. എ. ഇ യുടെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കുട്ടികള്‍ക്ക് സാന്ത്വനമൊരുക്കാന്‍ മജീഷ്യന്‍ മുതുകാടും ഭിന്നശേഷിക്കുട്ടികളും ഒരുക്കുന്ന പ്രത്യേക കലാമേള 26ന് നടക്കും. വിര്‍ച്വലായി നടക്കുന്ന കലാമേള ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഓണ്‍ലൈനിലൂടെ കാണാം. യു.എ.ഇ സമയം വൈകുന്നേരം മൂന്ന് മുതല്‍ അഞ്ച് വരെയാണ് പരിപാടി.
വിര്‍ച്വല്‍ റിയാലിറ്റിയുടെ സാങ്കേതികത്തികവോടെ ഇന്ദ്രജാലവും സംഗീതവും നൃത്തവും ഇട കലര്‍ന്ന വേറിട്ടൊരു പരിപാടിയാണ് വിസ്മയ സാന്ത്വനം. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള മാജിക് പ്ലാനറ്റില്‍ ഭിന്നശേഷിക്കുട്ടികള്‍ക്ക് കലാപരിശീലനം നല്കുന്ന ‘ഡിഫറന്റ് ആര്‍ട്ട് സെന്റര്‍’ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.
മാജിക് അക്കാദമിയും കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷനും തിരുവനന്തപുരം നഗരസഭയും സംയുക്തമായി മാജിക് പ്ലാനറ്റില്‍ ഭിന്നശേഷിക്കുട്ടികള്‍ക്കായി നടപ്പാക്കുന്ന എംപവര്‍, ഡിഫറന്റ് ആര്‍ട്ട് സെന്റര്‍ പദ്ധതികളുടെ തുടര്‍ച്ചയായാണ് യൂനിവേഴ്സല്‍ മാജിക് സെന്റര്‍ പദ്ധതി നടപ്പാക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ക്കും രജിസ്ട്രേഷനുമായി www.differentartcentre.com സന്ദര്‍ശിക്കുക.