സിപിഐഎം മീനങ്ങാടി ഏരിയ സെക്രട്ടറിയായി എൻ പി കുഞ്ഞുമോളെ തെരെഞ്ഞെടുത്തു. കേരളത്തിലെ ആദ്യത്തെ വനിതാ ഏരിയ സെക്രട്ടറിയാണ് എൻ പി കുഞ്ഞുമോൾ. മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗമാണ് എൻ പി കുഞ്ഞുമോൾ.
സിപിഐഎം അമ്പലവയൽ ലോക്കൽ അംഗം, ബത്തേരി ഏരിയ കമ്മറ്റി അംഗം എന്നീ പദവികൾ വഹിച്ചിട്ടുണ്ട് . 2001ൽ ആണ് കുഞ്ഞിമോൾ പാർട്ടി അംഗമാവുന്നത്. ജനാധിപത്യ മഹിളാഅസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറിയായിരുന്നു.
അമ്പലവയല്‍ സര്‍വീസ് സഹകരണ ബേങ്കിന്റെ ആദ്യ വനിതാ പ്രസിഡന്റാണ്. ബത്തേരി ഏരിയാ സമ്മേളനത്തില്‍ ബത്തേരി ഏരിയാ കമ്മിറ്റി വിഭജിച്ച് ബത്തേരി, മീനങ്ങാടി ഏരിയകള്‍ രൂപവത്ക്കരിക്കുകയായിരുന്നു.
അതേ സമയം പാലക്കാട് സിപിഐഎമ്മിൽ വിഭാഗീയത രൂക്ഷം. കുഴൽമന്ദം, ചെർപ്പുളശ്ശേരി ഏരിയ സമ്മേളനങ്ങളിൽ ഔദ്യോഗിക പാനലിന് കൂട്ടത്തോൽവി. കോങ്ങാട് എംഎൽഎ കെ ശാന്തകുമാരിയെ ഔദ്യോഗിക പാനലിൽ ഉൾപ്പെടുത്തിയെങ്കിലും മത്സരത്തിൽ പരാജയപ്പെടുത്തി. ചെർപ്പുളശ്ശേരിയിൽ ഔദ്യോഗിക പക്ഷത്തെ പതിമൂന്ന് പേരും തോറ്റു. പി കെ ശശി അനുകൂലികളാണ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ചെർപ്പുളശ്ശേരി ഏരിയാ സമ്മേളനത്തില്‍ മുന്‍ എം എല്‍ എ പി കെ ശശി പക്ഷം സര്‍വാധിപത്യം നേടി. ഔദ്യോഗിക പാനലില്‍ മത്സരിച്ച പതിമൂന്നു പേരെയാണ് വെട്ടിനിരത്തിയത്. നിലവിലെ ഏരിയാ സെക്രട്ടറി കെ ബി സുഭാഷ്, ചളവറ പഞ്ചായത്ത് പ്രസിഡന്‍റ് ഇ ചന്ദ്രബാബു തുടങ്ങിയവര്‍ കമ്മിറ്റിയില്‍ നിന്നും പുറത്തായി. കെ നന്ദകുമാറാണ് പുതിയ ഏരിയ സെക്രട്ടറി.