തിരുവനന്തപുരം : സംസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ പ്രതി കേഡല്‍ ജിന്സന് രാജയ്ക്ക് ജീവപര്യന്തം.15 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. എട്ടുവര്‍ഷത്തിന് ശേഷമാണ് കേസില്‍ ശിക്ഷ വരുന്നത്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി (6)യാണ് ശിക്ഷ വിധിച്ചത്. മാതാപിതാക്കളെയും സഹോദരിയേയും ബന്ധുവിനെയും കൊലപ്പെടുത്തിയ കേസിലാണ് വിധി വന്നത്.
2017 ഏപ്രില്‍ എട്ടിനാണ് ക്ലിഫ് ഹൗസിനു സമീപം, ബെയ്ന്‍സ് കോമ്പൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്, ബന്ധു ലളിത എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്. മഴു ഉപയോഗിച്ച് കൊലപാതകം നടത്തിയ പ്രതി മാതാപിതാക്കളുടെയും സഹോദരിയുടെയും മൃതദേഹങ്ങള്‍ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നെന്നു പോലീസ് കണ്ടെത്തി. 65 ദിവസം വാദം കേട്ടശേഷമാണ് പ്രതി കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയത്.
കൊലപാതകം, തെളിവ് നശിപ്പിക്കല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച് പരുക്കേല്‍പ്പിക്കല്‍, വീട് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണു പ്രതിക്കെതിരേ ചുമത്തിയത്. നിരന്തരം അവഗണിക്കുകയും ശകാരിക്കുകയും ചെയ്ത പിതാവിനെ കൊലപ്പെടുത്താനാണ് പ്രതി ആദ്യം പദ്ധതിയിട്ടത്. അത് പിന്നീട് മറ്റ് കുടുംബാംഗങ്ങളുടെയും കൊലപാതകത്തില്‍ കലാശിച്ചെന്നാണ് പോലീസ് കണ്ടെത്തല്‍.
സംഭവശേഷം ചെന്നൈയിലേക്കു പോയ കേഡല്‍ പിന്നീട് മടങ്ങിയെത്തിയപ്പോള്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലാണു പിടിയിലായത്. പ്രതി മനോരോഗിയാണെന്ന വാദം മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി തള്ളി. കുടുംബാംഗങ്ങളെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്കു വധശിക്ഷ നല്‍കണമെന്നതാണു പ്രോസിക്യൂഷന് വാദം. പ്രതിക്കു മാനസികപ്രശ്നങ്ങളില്ലെന്നും മാതാപിതാക്കളോടും സഹോദരിയോടും തോന്നിയ പകയാണ് കൂട്ടക്കൊലപാതകത്തിനു കാരണമെന്നും തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞു.