കോഴിക്കോട് : ആദ്യ കാഴ്ചയില്‍ റിസോര്‍ട്ടാണെന്ന് തോന്നും. കൂത്തമ്പല മാതൃകയിലുള്ള കെട്ടിടം. അരികെ എണ്ണപ്പനകളും പൂച്ചെടികളും ഊഞ്ഞാലും. പൂന്തോട്ടത്തിന്റെ ഭംഗി കൂട്ടാൻ അരികുകളില്‍ പുല്ല് പതിച്ച് നടുവില്‍ ടൈല്‍ പാകി മനോഹരമാക്കിയ മുറ്റം.
റിസോർട്ടല്ല, സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയുടെ മാറുന്ന മുഖച്ഛായ ആണിത്, കോഴിക്കോട് നരിപ്പറ്റ കുടുംബാരോഗ്യ കേന്ദ്രം.
രണ്ടാഴ്ച മുമ്പാണ് നരിപ്പറ്റ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയത്. സ്റ്റാര്‍ നിലവാരത്തില്‍ റിസപ്ഷന്‍. രോഗികള്‍ക്ക് ഇരിക്കാന്‍ സോഫ, കസേര, കുട്ടികള്‍ക്ക് കളിക്കോപ്പ്, വായിക്കാന്‍ പുസ്തകം; എന്തുകൊണ്ടും രോഗീപരിചരണവും സ്റ്റാര്‍ പദവിയിലേക്കുയര്‍ന്നു.
‘പ്രമേഹവും രക്തസമ്മര്‍ദവും ഹൃദ്രോഗവുമുണ്ട്. ഇതിവിടെ ഉഷാറായപ്പോള്‍ ചികിത്സ ഇവിടെയാക്കി. എല്ലാ മരുന്നും കിട്ടും. ഒരു മാസത്തേക്കുള്ള മരുന്നും വാങ്ങിയാണ് പോകാറ്. പാവപ്പെട്ട ഞങ്ങളെപ്പൊലെയുള്ളവര്‍ക്ക് ഇതൊക്കെ വലിയ ആശ്വാസമാണ്’ ഭാര്യ രമയ്ക്കൊപ്പം ഒപിയിലെത്തിയ നടുവിലക്കണ്ടയില്‍ ഉപേന്ദ്രന്റെ വാക്കുകൾ. ഡോക്ടറുടെ സേവനം വൈകിട്ട് ആറ് വരെ ഏര്‍പ്പെടുത്തിയതിന് നന്ദി പറയുകയാണ് സമീപവാസിയായ വിനോദ്. ‘കൂലിപ്പണിക്കാരാണ് ഈ മേഖലയില്‍ കൂടുതലും. ഉച്ചയ്ക്കുള്ളില്‍ ഡോക്ടറെ കാണലൊക്കെ പ്രയാസമായിരുന്നു. പണ്ട് ഒരു ഡോക്ടറായിരുന്നു . പലപ്പോഴും സേവനമുണ്ടാകില്ല. കാണാതെ മടങ്ങും. മരുന്നും മുടങ്ങും. ഇപ്പോള്‍ മൂന്നു ഡോക്ടര്‍മാരുണ്ട്. മരുന്നും മുടങ്ങിയിട്ടില്ല’. കെട്ടിട മോടി മാത്രമല്ല അതിലുമേറെ സൂപ്പറാണ്ചികിത്സയുമെന്ന് സാക്ഷ്യപ്പെടുത്തുന്നത് നാട്ടുകാര്‍ തന്നെ.
സര്‍ക്കാര്‍ ആശുപത്രികള്‍ രോഗീസൗഹൃദമാക്കുന്ന ആരോഗ്യ വകുപ്പിന്റെ ആര്‍ദ്രം പദ്ധതിയാണ് നരിപ്പറ്റ എഫ്‌എച്ച്‌സിയാകെ മാറ്റിയതെന്ന് മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. ഗ്രീഷ്മ പ്രിയ പറഞ്ഞു.