ദുബായ്> യു എ ഇ യുടെ 51-ാമത് ദേശീയ ദിനത്തിനോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ വൈവിധ്യവും വിപുലവുമായി ആഘോഷിക്കാന്‍ ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റ് (DFRE).
10 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. രാജ്യത്തിന്റെ ഐക്യം അടയാളപ്പെടുത്തുന്നതിനും അവിസ്മരണീയമായ ഓര്‍മ്മകള്‍ ഒരുക്കുന്നതിനും ഡിസംബര്‍ 2ന് തുടങ്ങി 11 വരെയാണ് ആഘോഷ പരിപാടികള്‍. രാഷ്ട്രത്തിന്റെ ഔദ്യോഗിക രൂപീകരണവും 1971ല്‍ എമിറേറ്റ്സിന്റെ ഫെഡറല്‍ ഏകീകരണത്തിന്റെ തുടക്കവും അടയാളപ്പെടുത്തുന്നതിനായി ഡിസംബര്‍ 2നാണ് യു എ ഇ ദേശീയ ദിനം ആഘോഷിക്കുന്നത്.
പ്രധാന ഷോപ്പിംഗ് കേന്ദ്രങ്ങളില്‍ ദുബായ് ദുബായ് സമ്മര്‍ സര്‍പ്രൈസിന്റെ മോദേഷും, ദാനയും സന്ദര്‍ശനത്തിന് എത്തുന്നവര്‍ക്കൊപ്പം അണിചേരും. മാള്‍ ഓഫ് എമിറേറ്റ്സ്, സിറ്റി സെന്റര്‍ മിര്‍ദ്ദിഫ്, സിറ്റി വാക്ക്, ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാള്‍, ഗേറ്റ് അവന്യൂ, ഇബ്ന്‍ ബത്തൂത്ത മാള്‍, സിറ്റി സെന്റര്‍ ദൈര എന്നിങ്ങനെ നിരവധി സ്ഥലങ്ങളിലാണ് മോദേഷും, ദാനയും എത്തിച്ചേരുന്നത്. സംഗീത പരിപാടികള്‍, കരിമരുന്നു പ്രയോഗങ്ങള്‍, ലേസര്‍ ഷോ, വന്‍വില കുറവില്‍ സാധനങ്ങളുടെ ഓഫര്‍, ഭക്ഷണമേളകള്‍, കലാകായിക വിനോദങ്ങള്‍ എന്നിങ്ങനെ ഒട്ടേറെ പരിപാടികള്‍ ആസ്വദിക്കാനുള്ള അവസരമാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.
എക്സ്പോ സിറ്റിയിലെ അല്‍ വാസല്‍ പ്ലാസയില്‍ പ്രമുഖ എമിറാത്തി, ജിസിസി ആര്‍ട്ടിസ്റ്റുകളായ ഈദ അല്‍ മെഹാലിയും ഡാലിയ മുബാറക്കും തങ്ങളുടെ മികച്ച ഹിറ്റുകള്‍ അവതരിപ്പിക്കുന്നതിനൊപ്പം പ്രത്യേക അതിഥി പ്രകടനങ്ങളും നടത്തും, ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാളില്‍ രാത്രി 8 മണിക്ക് ഫയീസ് അല്‍ സയീദിന്റെ തത്സമയ കച്ചേരിയും, പ്രത്യേകം കോറിയോഗ്രാഫ് ചെയ്ത ഇമാജിനും വെടിക്കെട്ട് ഷോയും ഉണ്ടാകും. രാത്രി 9 മണിക്ക് യുഎഇ പതാകയുടെ നിറങ്ങള്‍ ആകാശത്തില്‍ പ്രകാശിപ്പിക്കും. രാത്രി 9.15ന് ലൈറ്റ് ആന്‍ഡ് സൗണ്ട് പ്രകടനത്തോടെ ഡിജെ ബ്ലിസ് അവസാനിക്കും. സിറ്റി വാക്കില്‍ പ്രശസ്ത എമിറാത്തി ഗായിക ഷമ്മ ഹംദാന്റെ ഷോ രാത്രി 8.30 ന് അരങ്ങേറും.
ദി പോയിന്റിലും ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാളിലും രാത്രി 9 മണിക്ക് കരിമരുന്ന് പ്രദര്‍ശനം നടക്കും. ജെബിആറിന് എതിര്‍വശത്തുള്ള ബീച്ചില്‍ രാത്രി 8 മണിക്ക് യുഎഇ പതാകയുടെ നിറങ്ങളിലുള്ള മനോഹരമായ ലൈറ്റിംഗും അലങ്കാരങ്ങളും ഉണ്ടാകും. ഇവ കൂടാതെ നഗരത്തിലെ മാളുകളും ഷോപ്പിംഗ് ഡെസ്റ്റിനേഷനുകളും കേന്ദ്രീകരിച്ച് പരമ്ബരാഗത പ്രകടനങ്ങള്‍, കുടുംബ വിനോദങ്ങള്‍, എന്നിവയും നടക്കും. ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാളില്‍ 300 ദിര്‍ഹമോ അതില്‍ കൂടുതലോ ചെലവഴിക്കുന്ന യുഎഇ പൗരന്മാര്‍ക്ക് എയര്‍ അറേബ്യ ടിക്കറ്റുകള്‍ നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.