മരക്കാര്‍ അറബിക്കടലിന്റെ സിംഹം – മികച്ച ചിത്രം
2019ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 11 പുരസ്‌കാരങ്ങള്‍ നേടി മലയാള സിനിമ മിന്നും നേട്ടമാണ് കൈവരിച്ചത്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം നേടി.മനോജ് ബാജ്‌പെയി, ധനുഷ് എന്നിവര്‍ മികച്ച നടന്മാര്‍ക്കുള്ള പുരസ്‌കാരം പങ്കിട്ടു. കങ്കണ റണാവത്തിനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം.
മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത കള്ള നോട്ടത്തിനാണ്. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ഹെലന്‍ എന്ന സിനിമ സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യര്‍ നേടി. മലയാള ചിത്രം ബിരിയാണി സംവിധാനം ചെയ്ത സാജന്‍ ബാബു പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹനായി. മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം ജെല്ലിക്കെട്ടിലൂടെ ഗിരീഷ് ഗംഗാധരന്‍ നേടി.
വിജയ് സേതുപതിക്ക് മികച്ച സഹനടനുള്ള പുരസ്‌കാരമുണ്ട്. മികച്ച പനിയ സിനിമയ്ക്കുള്ള പുരസ്‌കാരം മനോജ് കാന സംവിധാനം ചെയ്ത കെഞ്ചിരയ്ക്കാണ്. മികച്ച തമിഴ് ചിത്രത്തിനുള്ള പുരസ്‌കാരം വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരന്‍ നേടി.
സ്‌പെഷല്‍ ഇഫക്റ്റ്‌സിനുള്ള പുരസ്‌കാരം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലൂടെ സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍ നേടി. ഇതേ ഗണത്തിലുള്ള സംസ്ഥാന പുരസ്‌കാരവും സിദ്ധാര്‍ഥിനായിരുന്നു. കോളാമ്പിയിലെ ഗാനരചയ്ക്ക് പ്രഭാവര്‍മ മികച്ച ഗാനരചയിതാവിനുള്ള അവാര്‍ഡ് നേടി. ഹെലനിലെ മേക്കപ്പിന് രഞ്ജിത്ത് പുരസ്‌കാരത്തിന് അര്‍ഹനായി. മരക്കാറിലെ കോസ്റ്റ്യൂം ഡിസൈനിങ്ങിനും പുരസ്‌കാരനേട്ടമുണ്ട്.
നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച സംഗീത സംവിധായകന്‍ ബിശാഖ് ജ്യോതി. മികച്ച എഡിറ്റിങ്ങ് അര്‍ജുന്‍ ഗോരിസരിയ. രാധ എന്ന ആനിമേഷന്‍ ചിത്രത്തിനാണ് മികച്ച ഓഡിയോഗ്രാഫിക്കുള്ള പുരസ്‌കാരം. സപര്‍ഷി സര്‍ക്കാറിന് ഓണ്‍ ലൊക്കേഷന്‍ സൗണ്ട് റെക്കോര്‍ഡിങ് പുരസ്‌കാരം. മികച്ച ഛായാഗ്രഹക സവിതാ സിങ്. മികച്ച സംവിധായകന്‍ നോക്ക് നോക്ക് സംവിധാനം ചെയ്ത സുധാന്‍ഷു.
ഒരു പാതിരാ സ്വപ്നം പോലെ എന്ന മലയാള ചിത്രം മികച്ച കുടുംബമൂല്യങ്ങളുള്ള ചിത്രത്തിനുള്ള പുരസ്‌കാരം നേടി. ആന്‍ എഞ്ചിനീയര്‍ഡ് ഡ്രീം ആണ് മികച്ച നോണ്‍ ഫീച്ചര്‍ സിനിമ. മികച്ച സിനിമ സൗഹൃദ സംസ്ഥാനത്തിനുള്ള പുരസ്‌കാരം സിക്കിം നേടി.