കൊവിഡ് വ്യാപനം രൂക്ഷമായാലും ദേശീയ ലോക്ക്‌ഡൗൺ ഉണ്ടായേക്കില്ല

ന്യൂ ഡൽഹി : രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ദേശീയ ലോക്ക്‌ഡൗൺ പ്രഖ്യാപിക്കാൻ സാദ്ധ്യതയില്ലെന്ന് സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രിമാരുമായി നടത്തിയ യോഗത്തിലാണ് നരേന്ദ്രമോദി ഇക്കാര്യം സൂചിപ്പിച്ചത്.

കൊവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങൾ ജനജീവിതത്തെ ബാധിക്കില്ലെന്ന് ഉറപ്പു വരുത്തണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ നിർദ്ദേശം. വാക്സിനാണ് വൈറസിനെതിരെയുള്ള പ്രധാന ആയുധമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ രണ്ട് വർഷവും അതിജീവിച്ചത് പോലെ ഇത്തവണയും കൊവിഡിനെ അതിജീവിക്കാനാകും. രോഗ വ്യാപനം തടയാൻ വേണ്ട നിർദേശങ്ങളും സംസ്ഥാനങ്ങൾക്ക് നൽകി. മുൻ വകഭേദങ്ങളേക്കാൾ വേഗത്തിലാണ് ഒമിക്രോൺ വ്യാപനമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡ് വ്യാപനം രൂക്ഷമായ സ്ഥലങ്ങളിൽ പ്രാദേശികമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. നിയന്ത്രണങ്ങൾ സാധാരണ ജനങ്ങളെ ബാധിക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് കൃത്യമായ ചികിത്സ ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. ഇതിനായി ടെലി മെഡിസിൻ സൗകര്യങ്ങൾ കേന്ദ്രം ഒരുക്കിയിട്ടുണ്ട്.

സംസ്ഥാനങ്ങളിലെ ആശുപത്രി സൌകര്യങ്ങളും യോഗത്തിൽ പ്രധാനമന്ത്രി വിലയിരുത്തി. കുട്ടികളെ ചികിത്സിക്കാൻ ആവശ്യമായ യൂണിറ്റുകളും ലക്ഷക്കണക്കിന് ഓക്സിജൻ കിടക്കകളും തയ്യാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വീടുകളിലെത്തിയുള്ള വാക്സിനേഷൻ ഊർജിതമാക്കണം.

മൂന്ന് കോടിയിലധികം കൗമാരക്കാർ വാക്സീൻ സ്വീകരിച്ചതിൽ ആരോഗ്യ പ്രവർത്തകരേയും, ആശ വർക്കർമാരേയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

 

Mediawings:

spot_img

Related Articles

Latest news