അടിയന്തരമായി യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യയോട് ആവശ്യപ്പെട്ട് നാറ്റോ. യുക്രൈനില്‍ നിന്ന് മുഴുവന്‍ സൈന്യത്തെയും പിന്‍വലിക്കണമെന്നാണ് ആവശ്യം. റഷ്യ യൂറോപ്പിന്റെ സമാധാനം തകര്‍ത്തിരിക്കുകയാണെന്നും ഭാവിയില്‍ വലിയ വില നല്‍കേണ്ടി വരുമെന്നും നാറ്റോ മുന്നറിയിപ്പ് നല്‍കി.
അന്താരാഷ്ട്ര നിയമങ്ങള്‍ റഷ്യ ലംഘിച്ചെന്നും 120 പടക്കപ്പലുകളും 30 യുദ്ധ വിമാനങ്ങളും സജ്ജമാണെന്നും നാറ്റോ സെക്രട്ടറി ജനറല്‍ സ്‌റ്റോള്‍ട്ടന്‍ ബര്‍ഗ് പറഞ്ഞു. അടിയന്തര സാഹചര്യമുണ്ടായാല്‍ ഇടപെടുമെന്നും കിഴക്കന്‍ യൂറോപ്പിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കുമെന്നുമാണ് നാറ്റോയുടെ മുന്നറിയിപ്പ്.
ഇന്ന് രാത്രി റഷ്യ യുക്രൈനിനുമേല്‍ ഒരു അപ്രതീക്ഷിത ആക്രമണം നടത്തുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലന്‍സ്‌കി പറഞ്ഞു. യുക്രൈന്‍ ജനതയെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തങ്ങളുടെ പ്രതിരോധം മറികടക്കാന്‍ എല്ലാ തരത്തിലും ശത്രുക്കള്‍ ശ്രമിക്കുമെന്നും ഈ രാത്രി പിടിച്ചു നില്‍ക്കാനായിരിക്കും തങ്ങളുടെ ശ്രമമെന്നും സെലന്‍സ്‌കി വ്യക്തമാക്കി.
യുക്രെയ്നില്‍നിന്ന് റഷ്യന്‍ സൈനിക പിന്‍മാറ്റം ആവശ്യപ്പെടുന്ന യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ ‘യുക്രെയ്ന്‍ പ്രമേയത്തെ’ അനുകൂലിച്ച് ഇന്ത്യ വോട്ട് ചെയ്തില്ല. ചൈനയും യുഎഇയും ഇന്ത്യയൊടൊപ്പം വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു. യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പ്രമേയം റഷ്യ വീറ്റോ ചെയ്തു. 15 അംഗ സുരക്ഷാ കൗണ്‍സിലില്‍ 11 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു.
അതേസമയം യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ കൂടുതല്‍ ആക്രമണങ്ങള്‍ തുടരുകയാണ്. കീവ് വൈദ്യുത നിലയത്തിനു സമീപം സ്ഫോടനങ്ങള്‍ ഉണ്ടായതായി കീവ് മേയര്‍ പ്രതികരിച്ചു. മൂന്ന് മിനിറ്റിനുള്ളില്‍ അഞ്ച് സ്ഫോടന ശബ്ദങ്ങള്‍ കേട്ടെന്നും കീവ് മേയര്‍ അറിയിച്ചു.