ദമ്മാം: ജനങ്ങളാകെ വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവത്തനങ്ങളുടെ വാര്‍ത്തകളില്‍ മുഴുകിയിരിയ്ക്കുന്ന തക്കം നോക്കി, വിമാനയാത്രാക്കൂലി കുത്തനെ ഉയര്‍ത്തി പ്രവാസികളെ ദ്രോഹിയ്ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയത്തിനെതിരെ പ്രവാസ ലോകം ഒന്നാകെ പ്രതിഷേധിയ്ക്കണമെന്ന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്തു.
ഏപ്രില്‍ ഒന്നാം തീയതി മുതല്‍ വിമാനടിക്കറ്റ് വിലയില്‍ ഉള്‍പ്പെടുന്ന ഏവിയേഷന്‍ സെക്യൂരിറ്റി ഫീസ് 382 രൂപയില്‍ നിന്നും 880 രൂപയായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരിയ്ക്കുന്നത്. രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷാ ചുമതലയുള്ള കേന്ദ്രവ്യവസായ സുരക്ഷ സേന (സി.ഐ.എസ്) യുടെ ചിലവിനായാണ് ഏവിയേഷന്‍ സെക്യൂരിറ്റി ഫീസ് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്.
മുമ്പ് സിവില്‍ വ്യോമയാന അതോറിറ്റിയാണ് സി ഐ എസ്‌സിന്റെ ചെലവുകള്‍ വഹിച്ചിരുന്നത്. എന്നാല്‍ തിരുവനന്തപുരം അടക്കമുള്ള ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ നടത്തിപ്പ് നരേന്ദ്രമോദിയുടെ ഉറ്റചങ്ങാതിയായ ഗൗതം അദാനിയുടെ കമ്പനിയ്ക്ക് കൈമാറിയതോടെ, ഈ ചെലവുകള്‍ വിമാനടിക്കറ്റില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ യാത്രക്കാരുടെ തലയില്‍ കെട്ടിവച്ചിരിയ്ക്കുകയാണ്.
കഴിഞ്ഞ ആറുമാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് ഏവിയേഷന്‍ സെക്യൂരിറ്റി ഫീസ് കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിയ്ക്കുന്നത്. മലയാളികള്‍ ഉള്‍പ്പെടുന്ന പ്രവാസികളാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ കോവിഡ് കാല പ്രഹരം ഏറ്റവുമധികം അനുഭവിയ്ക്കേണ്ടി വരിക. അതിനാല്‍ ഈ പ്രവാസി ദ്രോഹ നടപടിയ്‌ക്കെതിരെ എല്ലാ പ്രവാസി സംഘടനകളും, പ്രവാസികളും ഒന്നടങ്കം പ്രതിധേഷിയ്ക്കണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹനും, ആക്റ്റിങ് സെക്രട്ടറി സാജനും പറഞ്ഞു.