റിയാദ്: ഇന്ത്യയിലാദ്യമായി പ്രവാസികളെ പരിഗണിക്കുകയും അവർക്കായി ഒരു വകുപ്പ് രൂപീകരിക്കുകയും ചെയ്ത മുഖ്യമന്ത്രിയായിരുന്നു ഇ കെ നയനാരെന്ന് നവോദയ സംഘടിപ്പിച്ച നയനാർ അനുസ്മരണത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. വിവിധ ക്ഷേമപെൻഷനുകൾ നടപ്പിലാക്കി, സാക്ഷരതാ പ്രസ്ഥാനവും ജനകീയാസൂത്രണവും കൊണ്ടുവന്നു, ഇന്ത്യയിലാദ്യമായി ഒരു ഐ ടി പാർക്ക് കൊണ്ടുവന്നു തുടങ്ങി കേരളത്തിന്റെ സാമൂഹ്യ പുരോഗതിക്കായി നയനാർ സർക്കാർ നൽകിയ എണ്ണമറ്റ സംഭവനകളായിരുന്നുവെന്ന് യോഗം അനുസ്മരിച്ചു. പ്രവാസികൾക്ക് ആദ്യമായി ഇൻഷുറൻസ് നടപ്പാക്കിയത് നയനാരായിരുന്നുവെന്നും അതിന്റെ ഗുണഭോക്താവാണ് തന്റെ പിതാവും കുടുംബവുമെന്ന് ഷാജു പത്തനാപുരം അനുസ്മരിച്ചു. കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയുടെ വിയോഗം ഇന്നും കേരളം ഹൃദയത്തിലേറ്റുന്ന ഒരു നോവാണ്. യോഗം കുമ്മിൾ സുധീർ ഉദ്‌ഘാടനം ചെയ്തു. ഷൈജു ചെമ്പൂര് നായനാരുടെ ജീവിതവും സംഭാവനകളും അനുസ്മരിച്ചു. അബ്ദുൽ കലാം, അനിൽകുമാർ, അയൂബ് കരൂപ്പടന്ന, പൂക്കോയ തങ്ങൾ എന്നിവർ സംസാരിച്ചു, വിക്രമലാൽ അധ്യക്ഷനായിരുന്നു, അനിൽ പിരപ്പൻകോട് സ്വാഗതവും, കലാം നന്ദിയും പറഞ്ഞു.