കോവിഡ് കാലത്ത് തിരിച്ചു പോകാൻ സാധിക്കാതെ കഴിയുന്ന പ്രവാസികളുടെ തിരിച്ചു പോകുന്നതിനുതകുന്നതിന് ഫലപ്രദമായ നടപടികളൊ ജോലി നഷ്ടപ്പെട്ട സാധാരണ പ്രവാസിക്കുതകുന്ന പുനരധിവാസ പാക്കേജുകൾ ആവിഷ്കരിക്കുന്നതിനൊ യാതൊരു നടപടിയും സ്വീകരിക്കാതിരിക്കുന്ന നയം കേന്ദ്രസർക്കാർ തിരുത്തണമെന്ന് നവോദയ സാംസ്കാരിക വേദി റാക്ക ഏരിയ പൊതുസമ്മേളനം ആവശ്യപ്പെട്ടു.
ധനകാര്യമന്ത്രി ഡോ: തോമസ് ഐസക്ക് ഓൺലൈനായി ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ആശംസകൾ അർപ്പിച്ചു കൊണ്ട് പ്രവാസിക്ഷേമനിധി ബോർഡ് ഡയറക്ടറും നവോദയ കേന്ദ്ര രക്ഷാധികാരി സമിതി അംഗവുമായ ജോർജ്ജ് വർഗ്ഗീസ്, കേന്ദ്ര വൈസ് പ്രസിഡൻറ് ഷമീം നാണത്ത് എന്നിവർ സംസാരിച്ചു.
ഏരിയ പ്രസിഡൻറ് വിപിൻ കെ വിമലിൻറെ അധ്യക്ഷതയിൽ സ:പി.ബിജു നഗറിൽ കൂടിയ പ്രതിനിധി സമ്മേളനം കേന്ദ്ര എക്സിക്യുട്ടീവ് അംഗം വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. ഏരിയ ആക്ടിങ്ങ് സെക്രട്ടറി മോഹൻദാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ സൈനുദ്ദീൻ കൊടുങ്ങല്ലൂർ സമ്മേളനത്തിന് ആശംസ നേർന്നു കൊണ്ട് സംസാരിച്ചു. കേന്ദ്ര സർക്കരിനെതിരായ പ്രമേയം ഏരിയ വൈസ്പ്രസിഡൻറ് മനോജ് അവതരിപ്പിച്ചു.
കേരളത്തിലെ കുട്ടികളുടെ സമൂഹം നേരിടുന്ന മാനസികമായ വെല്ലുവിളികളും അതോടൊപ്പം വർദ്ധിച്ചു വരുന്ന ലൈഗിക – ശാരീരിക അതിക്രമങ്ങളും വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിൽ ലിംഗ തുല്യത – ലിംഗ അവബോധം എന്നിവ സംബന്ധിച്ച അറിവുകൾ, ശാസ്ത്ര അവബോധം, പുത്തൻ സാങ്കേതിക വിദ്യകളെ സംബന്ധിച്ചുള്ള വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തി കൊണ്ടു പൊതുവിദ്യാഭ്യാസ രീതിയിൽ കാതലായ പരിഷ്കാരങ്ങൾ കൊണ്ടുവരണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം ഏരിയ എക്സിക്യൂട്ടീവ് അംഗം അപ്സൊ അവതരിപ്പിച്ചു.
കേന്ദ്ര രക്ഷാധികാരി സമിതി അംഗം ബഷീർ വാരോട് പുതിയ കമ്മറ്റിയുടെ പാനൽ അവതരിപ്പിക്കുകയും കേന്ദ്ര വൈസ് പ്രസിഡൻറ് ഷമീം നാണത്ത് ഭാരവാഹി പ്രഖ്യാപനവും നടത്തി. മനോജ് പ്രസിഡൻറ്, ഷാജു സെക്രട്ടറി, മോഹൻദാസ് ട്രഷറർ, രാജീവൻ, രാകേഷ് വൈസ് പ്രസിഡൻറുമാർ, അനിൽകുമാർ, അപ്സൊ ജോ: സെക്രട്ടറിമാർ, പ്രശാന്ത് ജോ: ട്രഷറർ എന്നിവർ ഭാരവാഹികളായ 23 അംഗ ഏരിയ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. ആക്ടിങ്ങ് സെക്രട്ടറി മോഹൻദാസ് സ്വാഗതവും നിയുക്ത സെക്രട്ടറി ഷാജു നന്ദിയും രേഖപ്പെടുത്തി